കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയും മുന്‍ മാനേജറുമായ മധാ ജയ കുമാര്‍ തെലുങ്കാനയിൽ പിടിയില്‍. തെലങ്കാനയില്‍ നിന്ന് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ പിടികൂടുകയായിരുന്നു. 42 അക്കൗണ്ടുകളില്‍നിന്നായി 26.24 കിലോ സ്വര്‍ണം കടത്തിയെന്ന പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഒരു അടിപിടി കേസില്‍ ഇയാള്‍ തെലങ്കാന പോലീസിന്റെ പിടിയിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്കെതിരേ തട്ടിപ്പ് കേസുള്ളതായി തെലങ്കാന പോലീസ് മനസിലാക്കിയത്. തുടർന്ന് വടകര പോലീസിനെ ഇവർ ബന്ധപ്പെടുകയായിരുന്നു. വടകര പോലീസ് സംഘം തെലുങ്കാനയിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയാണ് മധാ ജയകുമാര്‍. ഇയാൾ കടത്തിയതെന്ന് പറയുന്ന 26.24 കിലോഗ്രാം സ്വര്‍ണം ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. തട്ടിപ്പില്‍ ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
42 അക്കൗണ്ടുകളില്‍നിന്നായി 26.24 കിലോ സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് ബാങ്ക് മാനേജരുടെ പരാതി. ഇത്രയും അക്കൗണ്ടുകളിലെ സ്വര്‍ണം തിരിമറി നടത്തിയിട്ടും ഒരു ഇടപാടുകാരന്‍പോലും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. മാത്രമല്ല, ഇതിനെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ പോലീസിന് കിട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മധാ ജയകുമാര്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.