കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017- ഫെബ്രുവരി 23 മുതൽ പൾസർ സുനി ജയിലിലാണ്. കേസിൽ ഒന്നാം പ്രതിയാണ് പൾസർ സുനി.
സുനിക്കു ജാമ്യം ലഭിച്ചാൽ സുനിയുടെ കൈവശമുള്ള ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നും കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നു കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
കൂടാതെ ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇവയെല്ലാം തള്ളിയാണു സുനിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടുപോകുകയാണെന്നും ഇതിനാൽ ജാമ്യം തന്റെ അവകാശമാണെന്നുമാണു പൾസർ സുനി വാദിച്ചു. 2017 ഫെബ്രുവരിയിലാണു കൊച്ചിയിൽ നടി കാറിൽ ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞ തവണ സുപ്രിം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിചാരണ നീട്ടിക്കൊണ്ടുപോകുവാനാണ് പ്രോസിക്യൂഷൻ ശ്രമമെന്ന് സുനിയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. അതിൻപ്രകാരം കേസിൽ എത്ര സാക്ഷികളെ വിസ്തരിച്ചുവെന്നുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ സർക്കാരിന് രണ്ടാഴ്ച സമയം അനുവദിച്ചിരുന്നു. കേസിൽ സാക്ഷിപ്പട്ടികയിൽ 261 പേരാണുള്ളത്.