ജമ്മു കശ്മീരിൽ ദോഡ ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഇന്ത്യൻ ആർമി ക്യാപ്റ്റൻ കൊല്ലപ്പെട്ടു. ദോഡ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷൻ അസാറിനിടെ 48 രാഷ്ട്രീയ റൈഫിൾസിലെ ഇന്ത്യൻ ആർമിയുടെ ക്യാപ്റ്റൻ ദീപക് സിംഗാണ് കൊല്ലപ്പെട്ടത്.
തിരച്ചിൽ സംഘത്തിന് നേതൃത്വം നൽകുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ നാല് ഭീകരരെ സെെന്യം വധിച്ചു. പ്രദേശവാസികളിൽ ഒരാൾക്ക് പരിക്കുംപറ്റി.
അസർ മേഖലയിൽ ചൊവ്വാഴ്ച ആരംഭിച്ച ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടൽ ആരംഭിച്ചതിന് പിന്നാലെ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും തിരച്ചിൽ ആരംഭിച്ചു. ദോഡയിലെ അസാർ പ്രദേശത്തെ വനങ്ങളിൽ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. മൂന്ന് ഭീകരരെ സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. അടുത്തയിടെ കത്വ പോലീസ് പങ്കുവെച്ച രേഖാചിത്രങ്ങൾ ഈ പ്രദേശത്തെ ഭീകരരുടെ തന്നെയായിരിക്കാമെന്നാണ് കരുതുന്നത്. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.