കോഴിക്കോട്: മരിക്കാത്ത ഒരുപിടി ഓർമകൾ ജനമനസുകളിൽ ബാക്കിവച്ച് അർജുൻ യാത്രയായി. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച മതാചാര പ്രകാരമുള്ള സംസ്കാര ശുശ്രൂഷകൾക്ക് പാമ്പാടി ശിവപാദം ഐവർമഠം നേതൃത്വം നൽകി. സർക്കാരിനു വേണ്ടി എകെ ശശീന്ദ്രൻ അന്ത്യോപചാരമർപ്പിച്ച് റീത്ത് സമർപ്പിച്ചു. 11.45-ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. സഹോദരന് അഭിജിത്താണ് ചിതയ്ക്ക് തീ പകര്‍ന്നത്.
രാവിലെ ആറുമണി മുതൽ അർജുന് അന്ത്യഞ്ജലി അർപ്പിക്കാൻ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത് നൂറു കണക്കിനാളുകളാണ്. വീട്ടിനുള്ളിൽ കുടുംബം അർജുന് അന്ത്യാഞ്ജലി അർപ്പിച്ചശേഷം മൃതദേഹം മുറ്റത്തെ പന്തലിൽ പൊതുദർശനത്തിനു വച്ച അർജുനെ ഒരു നോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് വിവിധ ജില്ലകളിൽ നിന്നെത്തിയത്. ഒരു കിലോമീറ്ററോളം നീളത്തിലാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിവരുടെ വരി നീണ്ടുനിന്നിരുന്നത്.
അർജുൻ പോയ വഴികളിൽ കൂടിയായിരുന്നു ആംബുലൻസിന്റെ മടക്കയാത്ര. മൃതദേഹം എട്ടുമണിയോടെയെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പുലർച്ചെ ആറുമണി മുതൽ കണ്ണാടിക്കൽ അങ്ങാടിയിൽ ആളുകൾ കാത്തുനിന്നു. 8.15ന് മൃതദേഹം കണ്ണാടിക്കൽ എത്തിയപ്പോഴേക്കും നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. തുടർന്ന് ആംബുലൻസിന് പിന്നാലെ ആളുകൾ വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലേക്ക് നടന്നു. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു.
വീടിന് സമീപത്തെത്തിയപ്പോഴേക്കും പോലീസിന് നിയന്ത്രിക്കാൻ പറ്റുന്നതിനും അധികമായിരുന്നു തിരക്ക്. തുടർന്ന് കുറച്ച് ആളുകളെ മാത്രമായി കടത്തിവിടാൻ തുടങ്ങി. ഒൻപതരയോടൊണ് വീട്ടിൽ പൊതുദർശനം ആരംഭിച്ചത്. മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, എ.കെ. ശശീന്ദ്രൻ, കാർവാർ എം.എൽ.എ സതീഷ് സെയിൽ, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വർ മൽപെ, എം.പി.മാരായ എം.കെ.രാഘവൻ, ഷാഫി പറമ്പിൽ, എം.എൽ.എ.മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സച്ചിൻ ദേവ്, ലിന്റോ ജോസഫ്, കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു.
ജില്ലാ അതിർത്തിയായ അഴിയൂരിലെത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും കാർവാർ എംഎൽഎ സതീഷ് സെയിലും മൃതദേഹത്തെ അനുഗമിച്ചു. വൈകിട്ട് തൊട്ടടുത്ത വയലിൽ അനുശോചനയോഗവും നടക്കും. നാട്ടിലെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാംസ്കാരിക സാമൂഹിക പ്രവർത്തകർ, ക്ഷേത്രപ്രതിനിധികൾ, പള്ളിക്കമ്മിറ്റി പ്രതിനിധികൾ തുടങ്ങി എല്ലാവരും സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവർ അർജുന്റെ ഓർമയ്ക്കായി ഒത്തുചേരും.