ഷിരൂർ: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനകൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് കാർവാർ ജില്ലാ കലക്ടർ ലക്ഷ്മിപ്രിയ. നാളെയോടെ മൃതദേഹം വിട്ടുനൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ഇതിനായി മൃതദേഹം കാർവാർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അർജുനോടൊപ്പം മണ്ണിടിച്ചിലിൽ കാണാതായ ലോകേഷ്, ജഗനാഥൻ എന്നിവർക്കായുള്ള തിരച്ചിൽ തുടരുമെന്നും അവർ അറിയിച്ചു.അതോടൊപ്പം ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയ അർജുൻ ഓടിച്ച ട്രക്ക് ഡ്രജർ ഉപയോഗിച്ച് കരയ്ക്കടുപ്പിച്ചു.
72 ദിവസം നീണ്ടു നിന്ന തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിൽ ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. ഇത് അർജുന്റെതാണ് ബന്ധുക്കളും ട്രക്ക് ഉടമ മനാഫും സ്ഥിരീകരിക്കുകയായിരുന്നു. ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്.
കഴിഞ്ഞ ജൂലൈ പതിനാറിനുണ്ടായ മണ്ണിടിച്ചിലിലാണ് അർജുൻ ഓടിച്ചിരുന്ന ലോറിയുൾപ്പെടെ കാണാതായത്. തുടർന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുൾപ്പെടെയുള്ളവർ തെരച്ചിലിന് ഇറങ്ങിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. അപകടം നടന്ന് 72 ദിവസമാണ് ലോറി കണ്ടെത്തിയത്.
റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജർ ഉപയോഗിച്ച് ഇന്ന് തെരച്ചിൽ നടത്തിയത്. ഐബോഡ് പരിശോധനയിൽ ജിപിഎസ് സംവിധാനം ഉപയോഗിച്ച് തിട്ടപ്പെടുത്തിയ ഭാഗമായിരുന്നിത്. നാവികസേനയുടെ സംഘമടക്കമാണ് ദൗത്യത്തിനുണ്ടായിരുന്നത്. സിപി 2 മേഖലയിൽ 12 മീറ്റർ താഴ്ചയിൽ നിന്നാണ് അർജുന്റെ ലോറി കണ്ടെടുത്തതെന്നാണ് വിവരം.
ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലിൽ അർജുൻറെ ലോറി അപകടത്തിൽപ്പെട്ടത്. ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയിൽനിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയായിരുന്നു അപകടം.
‘‘അർജുന് എന്റെ മുകളിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്തുപറ്റിയാലും ഞാൻ ഉണ്ടെന്ന്. ഇന്ന്ഞാൻ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ്. അവനെ അവന്റെ വീട്ടിലെത്തിക്കണം. അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയാണ്. വണ്ടി പൊന്തിച്ച് അവനെ ഇറക്കി എത്രയും വേഗം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട. ’’ – വികാരവിക്ഷുബ്ധതയിൽ ലോറി ഉടമ മനാഫ് പറഞ്ഞു. അർജുനെവിടെയെന്ന എല്ലാവർക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞു. അർജുനു വേണ്ടിയുള്ള തെരച്ചിൽ തുടങ്ങിയതുമുതൽ ജിതിൻ ഷിരൂരിൽ ഉണ്ട്. ‘‘കുടുംബത്തെ സംബന്ധിച്ചിടത്തോളം അർജുൻ തിരിച്ചുവരില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പക്ഷേ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം. അതിനുവേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നത്’’ ജിതിൻ പറഞ്ഞു.