ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ കണ്ടെത്തിയ ലോറിയിലുണ്ടായിരുന്നത് മലയാളി ഡ്രൈവർ അർജുൻറെ മൃതദേഹമെന്ന് ഡിഎൻഎ പ്രരിശോധനയിൽ സ്ഥിരീകരണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഉടൻ ബന്ധുക്കൾക്ക് വിട്ടുനൽകും.
ലോറിയിൽ നിന്ന് കണ്ടെടുത്ത അർജുൻറെ ശരീര സാമ്പിളുകൾ സഹോദരന്റെ ഡിഎൻഎയുമായി ഒത്തുനോക്കിയാണ് ലോറിയിൽ നിന്ന് കണ്ടെത്തിയത് അർജുന്റെ മൃതദേഹമാണെന്ന് സ്ഥരീകരിച്ചത്. അപകടം നടന്ന് 71 ദിവസം പിന്നിട്ടിരുന്നതിനാൽ മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. പിന്നീട് ഡിഎൻഎ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി കർണാടക പോലീസിൻറെ സുരക്ഷയോടെയായിരിക്കും മൃതദേഹം അർജുന്റെ നാട്ടിലെത്തിക്കുക. മൃതദേഹം കോഴിക്കോട്ടെത്തിക്കുന്നതിനുള്ള ചെലവ് കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
ഡ്രജറുപയോഗിച്ചുള്ള പരിശോധനയിൽ ബുധനാഴ്ച വൈകിട്ടാണ് അർജുൻ ഓടിച്ച ലോറി ഗംഗാവാലി പുഴയിൽനിന്ന് പുറത്തെടുക്കാനായത്.