ചെന്നൈ: അൻവറിനോട് ബന്ധുത്വം കൂടാൻ താൽപര്യമില്ലെന്ന തീരുമാനത്തിൽ ഡിഎംകെ. സിപിഎമ്മും പിണറായും കൈവിട്ട അൻവറിനോട് സഖ്യകക്ഷി ചേരാനില്ലെന്ന് ഡിഎംകെ വക്താവും മുൻ രാജ്യസഭാ എംപിയുമായ ടികെഎസ് ഇളങ്കോവനെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
അൻവർ ഡിഎംകെയിൽ ചേരാൻ നീക്കം നടത്തിയെന്നും എന്നാൽ, സംസ്ഥാനത്തും ദേശീയതലത്തിലും സിപിഎമ്മുമായി കൈകോർത്തിരിക്കുന്ന ഡിഎംകെ അൻവറിനെ പാർട്ടിയിലേക്കെടുത്ത് പിണറായിയെ പിണക്കാനില്ലെന്ന നിലപാടിലാണ്. മറ്റു പാർട്ടികളിലെ വിമതരെ പാർട്ടിയിലെടുക്കുന്ന പാരമ്പര്യം ഡിഎംകെയ്ക്കില്ലെന്നും സിപിഎം, ഡിഎംകെയുടെ സഖ്യകക്ഷിയാണെന്നും ഇളങ്കോവൻ പറഞ്ഞതാണ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ഈ തിരസ്കാരമാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിൽ പുതിയ സംഘടന രൂപവത്കരിക്കുന്നതിലേക്ക്അൻവറിനെ കൊണ്ടുചെന്നെത്തിച്ചതെന്നും റിപ്പോർട്ടുകൾ. ഇതൊരു രാഷട്രീയ പാർട്ടിയല്ല, സോഷ്യൽ മൂവ്മെന്റ് മാത്രമാണെന്നും അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ അൻവർ ഡിഎംകെയിൽ ചേരുന്നതിന്റെ ഭാഗമായുള്ളതായിരുന്നു കഴിഞ്ഞ ദിവസത്തെ ചെന്നൈ യാത്രയെന്ന വാർത്ത ഡിഎംകെ എൻആർഐ വിഭാഗം സെക്രട്ടറിയും രാജ്യസഭാ എംപിയുമായ പുതുഗൈ എംഎം അബ്ദുള്ളയും നിഷേധിച്ചു. അൻവറും താനും ദീർഘകാല സുഹൃത്തുക്കളാണ്. തനിക്ക് കഴിഞ്ഞ 15 വർഷമായി അൻവറിനെ അറിയാമെന്നും അദ്ദേഹം എപ്പോഴെങ്കിലും ചെന്നൈ സന്ദർശിക്കുമ്പോൾ ഞങ്ങൾ കണ്ടുമുട്ടുക പതിവാണ്. അങ്ങനെ കണ്ടുമുട്ടിയതാണ്. അൻവർ സ്വന്തം പാർട്ടി തുടങ്ങുകയാണെന്നും ഡിഎംകെയിൽ ചേരുന്നതിനെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും എംഎം അബ്ദുള്ള പറഞ്ഞു.
എന്നാൽ ഇന്ന് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ ഡിഎംകെ നേതാക്കളെത്തുമെന്ന് അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.