ഷിരൂർ: അവനായി കാത്തിരുന്ന തന്റെ പ്രിയപ്പെട്ടവർക്കടുത്തേക്കു രണ്ടര മാസങ്ങൾക്കു ശേഷം അവൻ മടങ്ങിയെത്തുന്നു, പക്ഷെ ഈ മടങ്ങിവരവ് അവർക്കു സമ്മാനിക്കുന്നത് നെഞ്ചുപൊട്ടുന്ന തീരാ നൊമ്പരം മാത്രം. അവൻ കടന്നുവന്ന വഴികളിൽ കൂടി നിശ്ചലനായി ഒരു മടക്കയാത്ര.
ഗംഗാവലി പുഴയുടെ ആഴങ്ങൾ കൊണ്ടുപോയ അർജുന്റെ ജീവനറ്റ ശരീരം ബന്ധുക്കൾ ഏറ്റുവാങ്ങി. അവൻ അവസാനമായി വാഹനം നിർത്തിയ സ്ഥലത്ത് ഒരിക്കൽ കൂടി വിശ്രമിച്ചതിനു ശേഷം ആംബുലൻസിൽ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്കെത്തും. നാളെ രാവിലെ വീട്ടിലെത്തുന്ന മൃതദേഹം ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ അർജുന്റെ മൃതദേഹം മറ്റു നടപടി ക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹവുമായി ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഷിരൂരിൽ മണ്ണിടിഞ്ഞ സ്ഥലത്ത് അഞ്ചുമിനിറ്റ് നിർത്തിയ ശേഷമായിരിക്കും മൃതദേഹം കോഴിക്കോട്ടേക്കു കൊണ്ടുവരിക.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെ മൃതദേഹം കണ്ണാടിക്കൽ ബസാറിൽ എത്തിച്ചേരും. അവിടെനിന്ന് വിലാപയാത്രയായി മൃതദേഹം അർജുന്റെ വീട്ടിലെത്തിക്കും. പൂളാടിക്കുന്നിൽനിന്ന് ലോറി ഡ്രൈവർമാർ ആംബുലൻസിനെ അനുഗമിക്കും.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ സഹായധനമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അർജുന്റെ അമ്മയ്ക്ക് സഹായധനം കൈമാറും.