ന്യൂഡൽഹി: പിവി അൻവർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഎം നേതാവ് എകെ ബാലൻ. തന്നെ കള്ളനാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്നാണ് ഇപ്പോൾ പറയുന്നത്. അൻവർ പറഞ്ഞ കാര്യങ്ങളിലെല്ലാം അന്വേഷണം പുരോഗമിക്കുകയാണ് എന്നതാണ് വസ്തുത. രണ്ട് ടീമുകൾ നാല് കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണ്. അതിന്റെ റിപ്പോർട്ട് ഉടൻ വരും. അപ്പോൾ, അദ്ദേഹത്തിന്റെ ആവശ്യം സമഗ്ര അന്വേഷണമല്ലെന്നും എകെ ബാലൻ പറഞ്ഞു.
ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ തകർക്കുകയെന്നത് യുഡിഎഫ് അജണ്ടയാണ്. കഴിഞ്ഞ എട്ട് വർഷങ്ങളായി ഈയൊരു ലക്ഷ്യത്തിനായി അവർ പ്രവർത്തിക്കുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇത്. ഇതുകൊണ്ട് ഇടതുപക്ഷത്തെയോ പിണറായിയെയോ തകർക്കാൻ കഴിയില്ലെന്നും എകെ ബാലൻ.
പി.വി. അൻവർ എംഎൽഎ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുക എന്നതാണ്. മലപ്പുറം ജില്ലാ സെക്രട്ടറി ആർഎസ്എസുകാരനാണെന്ന് അദ്ദേഹം പറഞ്ഞു.മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛൻ സർക്കസിലെ കോമാളിയാണെന്നുവരെ പറഞ്ഞു. നെഹ്റു താമസിച്ച ഒരു വീടിന്റെ പാരമ്പര്യമുള്ള പിതാവിന്റെ മകന് യോജിച്ചതാണോ ഇത്തരത്തിലുള്ള പ്രയോഗം. എന്താണ് അൻവറിന് സംഭവിച്ചതെന്ന് അറിയില്ല.
മലപ്പുറത്തെ സംബന്ധിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 43 ശതമാനമാണ് വോട്ടുവിഹിതം. മുസ്ലിം ജനതയിൽ നിന്നും വലിയ തള്ളിച്ച ഇടതുപക്ഷത്തിലേക്കുണ്ടായി. അതിനുള്ള പ്രധാനപ്പെട്ട മർമം പിണറായി വിജയന്റെ ഇടപെടലാണ്.
ഇതു മുന്നിൽകണ്ടുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മത ന്യൂനപക്ഷങ്ങൾക്കിയിൽ തകർക്കാനായി ആർഎസ്എസിന്റെ ചാരനാണെന്ന പ്രചാരണം വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ്. ന്യൂനപക്ഷത്തിനൊപ്പം നിന്ന വ്യക്തിയാണ് പിണറായി. തലശേരി, മാറാട് കലാപങ്ങളിൽ അദ്ദേഹം കൃത്യമായ ഇടപെടൽ നടത്തിയെന്നും എകെ ബാലൻ പറഞ്ഞു.