കൊച്ചി: തന്നെ പീഡിപ്പിച്ചന്ന അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനുശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്. ഇന്നലെ നടനും എംഎൽഎയുമായ മുകേഷും പീഡനക്കേസിൽ അറസ്റ്റിലായിരുന്നു.
കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും. രാവിലെ കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ ഇടവേള ബാബുവിനെ പത്തുമണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. പിന്നീട് ഒരുമണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയയ്ക്കും.
അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചെന്നും കാണിച്ച് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ നടി പരാതി നൽകിയത്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണു പോലീസ് കേസെടുത്തിരിക്കുന്നത്.