തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം ശരിയാണെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത്കുമാര്‍. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്കിയ വിശദീകരണത്തിൽ വെളിപ്പെടുത്തി. തന്റെ ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വാകാര്യ സന്ദര്‍ശനമാണെന്നുമാണ് വിശദീകരണം.
തൃശൂർ പൂരത്തിനിടെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയെ ഹൊസാബലയെ അവിടെയൊരുവച്ച് എഡിജിപി കണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആര്‍എസ്എസുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയാണ് എഡിജിപിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. പൂരം കലക്കിയതും മുഖ്യമന്ത്രിയുടെ അറിവോടെ അജിത് കുമാറാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
2023 മെയ് 22 നായിരുന്നു സന്ദര്‍ശനം. പാറമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍എസ്എസ് ക്യാംപനിടെയായിരുന്നു സന്ദര്‍ശനം. സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്കും ഇന്‍ലിജന്‍സ് വിഭാഗത്തിനും കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സ്വകാര്യ സന്ദര്ശനമെന്നൊരു വാക്കിൽ അജിത് കുമാര്‍ വിശദീകരണം ഒതുക്കുന്നുണ്ടെങ്കിലും തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങള്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ അദ്ദേഹത്തിന് ഇക്കാര്യത്തിൽ കൂടുതല്‍ വ്യക്തത നല്‍കേണ്ടി വരും. പൂരവുമായി ബന്ധപ്പെട്ട ഭരണപക്ഷത്ത് നിന്ന് തന്നെ അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്.
ക്രമസമാധന ചുമതല വഹിക്കുന്ന എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി തുറന്നിട്ടുള്ളത്. കൂടാതെ തൃശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ഇത്തവണത്തെ തൃശൂർ പൂരം കാരണമായെന്നു ഒരു വിഭാഗം വിശ്വസിക്കുന്നുണ്ടുതാനും.