തിരുവനന്തപുരം∙ മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് സമർപ്പിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി നൽകിയ ഹർജിയിലാണ് ഈ തീരുമാനം. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും രഞ്ജിനി ഹർജിയിൽ പറയുന്നു.
മൊഴി നൽകിയപ്പോൾ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്നു ജസ്റ്റിസ് ഹേമ ഉറപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുൻപ് അതിൽ എന്താണുള്ളതെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നുമാണ് രഞ്ജിനിയുടെ ആവശ്യം
ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണു തീരുമാനം. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് നടി അപ്പീൽ നൽകിയത്. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇതിനു പിന്നാലെയായിരിക്കും തീരുമാനം.