കൊച്ചി: നെറ്റിയിൽ വലിയ പൊട്ടും മുഖത്ത് വാത്സല്യത്തിന്റെ സർവഭാവങ്ങളുമായി അഭ്രപാളിയിലെ അമ്മ കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. അർബുദ രോഗബാധിതയായി എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വൈകിട്ട് 5.33നായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ആലുവയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
ഗായികയായി കലാജീവിതമാരംഭിച്ച കവിയൂർ പൊന്നമ്മയുടെ അഭിനയ രംഗത്തേക്കുള്ള തുടക്കം നാടക വേദികളിലൂടെയായിരുന്നു. പിന്നീട്സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. നെഗറ്റീവ് റോളുകൾ അടക്കം വ്യത്യസ്ത വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് എന്നും കാണാൻ ആഗ്രഹം വാത്സല്യം തുളുമ്പുന്ന അമ്മ വേഷങ്ങളായിരുന്നു. ആയിരത്തോളം സിനിമകളിൽ അഭിനയിച്ച കവിയൂർ പൊന്നമ്മ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു വട്ടം നേടിയിട്ടുണ്ട്. സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം (യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിൽ പ്രഫസർ).