ചെന്നൈ: ഹരിഹരൻ തന്നോട് വഴങ്ങിത്തരുമോയെന്ന് മറ്റൊരാൾ വഴി ചോദിച്ചുവെന്ന നടി ചാർമിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആ നടൻ താനാണെന്ന വെളിപ്പെടുത്തലുമായി നടൻ വിഷ്ണു.
സംവിധായകൻ ഹരിഹരൻ അയൽവാസിയായിരുന്ന തന്നോട് ചാർമിള വഴങ്ങുമോയെന്ന് ചോദിച്ചതായാണ് നടൻ വിഷ്ണുവിന്റെ വെളിപ്പെടുത്തൽ. ചാർമിള നടത്തിയ ആരോപണത്തെ സാധൂകരിക്കുന്ന വിധമാണ് വിഷ്ണുവിന്റെ തുറന്നുപറച്ചിൽ. ഒരു സിനിമയ്ക്കുവേണ്ടി ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമിളയുടെ പേര് പറഞ്ഞത്. ഫോണിൽ വിളിച്ചും നേരിട്ടും ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. അവർ കൊടുക്കുമോയെന്നാണ് ഹരിഹരൻ ചോദിച്ചതെന്നും വിഷ്ണു പറഞ്ഞു.
‘‘ഞാനും ചാർമിളയും അടുത്ത സുഹൃത്തുക്കളായതു കൊണ്ടാണ് ഏതെങ്കിലും കുട്ടിയുണ്ടോയെന്ന് ചോദിച്ചപ്പോൾ ചാർമിളയുടെ പേര് പറഞ്ഞത്. ഹരിഹരനെ കാണാൻ താൻ പറഞ്ഞിട്ട് ചാർമിള പോയി കണ്ടു. ആൾ കഥാപാത്രത്തിന് ഓക്കെയാണെന്ന് പറയുകയും ചെയ്തു. എന്നാൽ അതിനുശേഷം എന്നെ വിളിച്ചിട്ട് ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. ഞാൻ സംസാരിച്ചപ്പോൾ പറ്റില്ലെന്ന് പുള്ളിക്കാരി പറഞ്ഞു. അതോടെ ഞാനും ചാർമിളയും സിനിമയിൽ നിന്നും പുറത്തായി. പിന്നെ അദ്ദേഹം എന്നെ വിളിച്ചിട്ടുമില്ലെന്നായിരുന്നു വിഷ്ണുവിന്റെ വെളിപ്പെടുത്തൽ.
ഹരിഹരൻ സെറ്റിൽ ആരെയും ശല്യപ്പെടുത്തില്ല. എന്നാൽ മറ്റൊരാളിലൂടെയാകും ആ നടിയെ സമീപിക്കുക. സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റിൽ ക്യാമറയ്ക്കു മുന്നിൽ നിർത്തി പൊരിക്കും. ഒടുവിൽ നടിമാർക്ക് വഴങ്ങി കൊടുക്കേണ്ടി വരും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. നേരിൽ കാണുന്നതുപോലെയൊന്നുമല്ല, ഹരിഹരൻ, അയാൾക്കു മറ്റൊരു മുഖമുണ്ടെന്നും വിഷ്ണു പറഞ്ഞു.
സിനിമയിലെത്തിയ ശേഷം താൻ നേരിട്ട ദുരനുഭവങ്ങളുടെ വെളിപ്പെടുത്തലുമായി ഇന്നലെയാണ് നടി ചാർമിള രംഗത്തെത്തിയത്. നിർമാതാവ് എം.പി. മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നുമായിരുന്നു ചാർമിള വെളിപ്പെടുത്തൽ.
1997ൽ ഇന്നസെന്റ് ടൈറ്റിൽ റോളിലെത്തിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ കൂട്ടബലാത്സംഗത്തിനു ശ്രമമുണ്ടായി. നിർമാതാവ് എം.പി. മോഹനനും പ്രൊഡക്ഷൻ മാനേജർ ഷൺമുഖനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. എന്റെയും അസിസ്റ്റെന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു. പുരുഷ അസിസ്റ്റെന്റിനെ മർദിച്ചു. പീഡനശ്രമത്തിനിടെ മുറിയിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു. ഹോട്ടൽ മുറിയിൽനിന്ന് ഓടിയപ്പോൾ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്. സംഭവത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു. സംഭവത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകളിൽ പലരും ബലാത്സംഗത്തിന് ഇരയായി- എന്നായിരുന്നു ചാർമിളയുടെ വെളിപ്പെടുത്തൽ.
കൂടാതെ സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു തന്റെ സുഹൃത്തായ നടൻ വഴി ശ്രമിച്ചു. വഴങ്ങാതെ വന്നതോടെ ‘പരിണയം’ എന്ന സിനിമയിൽനിന്ന് ഹരിഹരൻ ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയിൽനിന്ന് ഒഴിവാക്കി. പല മലയാള സിനിമകളും നഷ്ടപ്പെട്ടത് അഡ്ജസ്റ്റ്മെന്റിന് തയാറാകാത്തത് കൊണ്ടാണ്. പല ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ മലയാള സിനിമയിൽ നിന്നുമാത്രമാണ് ഇത്തരം ദുരനുഭവങ്ങളുണ്ടായിട്ടുള്ളത്. എന്നാൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ല, പൊതു സമൂഹത്തെ അറിയിക്കാൻ മാത്രമാണ് ഈ വെളിപ്പെടുത്തൽ- ചാർമിള പറഞ്ഞു.