തിരുവനന്തപുരം: കിരീടത്തിലെ കീരിക്കാടൻ ജോസെന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രശസ്തനായ നടൻ മോഹൻ രാജ് (70) അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. പാർക്കിൻസൻസ് രോഗബാധിതനായിരുന്ന മോഹൻ രാജ് ഏറെക്കാലമായി മോഹൻ രാജ് ചികിത്സയിലായിരുന്നു.
സിബി മലയിൽ- ലോഹിതദാസ് ചിത്രം കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെയെത്തിയ മോഹൻ രാജ് പിന്നീട് ആ പേരിൽ തന്നെ അറിയപ്പെടുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ജാപ്പാനീസ് ഉൾപ്പെടെ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കാഞ്ഞിരംകുളം സ്വദേശിയായ മോഹൻ രാജ് തിരുവനന്തപുരം ഗവ. ആർട്സ് കോളജിൽ വിദ്യാർഥിയായിരിക്കെ കായികതാരമായിരുന്നു. പിന്നീട് സൈന്യത്തിലെത്തി.
കാലിനു പരുക്കേറ്റതിനെ തുടർന്ന് ആർമിയിലെ ജോലി വിട്ട് കസ്റ്റംസിലും പിന്നീട് എൻഫോഴ്സ്മെന്റിലും ഉദ്യോഗസ്ഥനായി. എൻഫോഴ്സ്മെന്റ് ഓഫിസറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് തമിഴ് സിനിമയിലേക്കെത്തുന്നത്. ‘കഴുമലൈ കള്ളൻ’ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മോഹൻ രാജ് ‘ആൺകളെ നമ്പാതെ’ എന്ന ചിത്രത്തിലും അഭിനയിച്ചു.
കിരീടം സിനിമ ചെയ്യുന്ന സമയം പറഞ്ഞുറപ്പിച്ച വില്ലൻ വരാതായതോടെ ആ കഥാപാത്രം മോഹൻ രാജിലേക്കെത്തിച്ചേരുകയായിരുന്നു. ആകാരത്തികവ് കൊണ്ട് മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച വില്ലനായി പിന്നീട് കീരിക്കാടൻ ജോസ് അഭ്രപാളികളിൽ നിറഞ്ഞാടുകയായിരുന്നു. പിന്നീടങ്ങോട്ട് ജോസിന്റെ സമയമായിരുന്നു ഒരു കാലത്ത്. മലയാളത്തിലും തമിഴിലും തെലുങ്കിലും തിരക്കുള്ള നടനായി. രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു.
കിരീടം, ചെങ്കോൽ, കനൽക്കാറ്റ്, മറുപുറം, ആമിനാ ടെയ്ലേഴ്സ്, നരസിംഹം, ആറാംതമ്പുരാൻ, മായാവി, മിമിക്സ് പരേഡ്, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇടയ്ക്ക് മോഹൻലാൽ ചിത്രം റോക്ക് ആൻഡ് റോളിലൂടെ കോമഡിയിലും കൈവച്ചു. ഭാര്യ: ഉഷ. മക്കൾ: ജയ്ഷ്മ, കാവ്യ.