ബെംഗളൂരു∙ ബെംഗളൂരു എം എസ് രാമയ്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ പുനലൂർ സ്വദേശിയായ അക്കൗണ്ടന്റ് സുജയ് പണിക്കർ (35) ആണ് മരിച്ചത്. ന്യുമോണിയ ബാധയെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് തീപിടിത്തം ഉണ്ടായത്. കാർഡിയാക് ഐസിയുവിലാണ് തീപിടിച്ചത്. സുജയ്യുടെ മുറിയിൽ കിടക്കയ്ക്ക് മുകളിലായാണ് തീപിടിച്ചത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് കരുതുന്നത്. നഴ്സുമാർ അടക്കമുള്ള ജീവനക്കാർക്ക് ചെറിയ പരുക്കുകളുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ആശുപത്രിക്ക് വൻ നഷ്ടമുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടം നടന്നയുടനെ മൂന്ന് ഫയർ ട്രക്കുകൾ ഉൾപ്പെടെയുള്ള എമർജൻസി സർവീസുകൾ സംഭവസ്ഥലത്തെത്തുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.