കൊണ്ടോട്ടി (മലപ്പുറം): കരിപ്പൂരില്‍ വിവാഹദിവസം രാവിലെ വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30-ന് ജിബിനെ ശുചിമുറിയിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ദുബായിൽ ജോലി ചെയ്തിരുന്ന യുവാവ് വിവാഹത്തിനായി നാലു ദിവസം മുൻപാണ് നാട്ടിലെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.
ഇന്നായിരുന്നു മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ജിബിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയിൽ കയറിയതിന് ശേഷം ജിബിൻ വാതിൽ തുറന്നിരുന്നില്ല. തുടർന്ന്, നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ജിബിന്‍ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഒരു സൂചനയുമില്ലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജിബിന്റെ ഫോൺ കോൾ വിവരങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.