കൊച്ചി: ലൈംഗീകാതിക്രമ കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായി സിദ്ധിഖിനെതിരെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. കൂടാതെ വിമാനത്താവളത്തിലും പോലീസ് ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചു. വിദേശത്തേക്കു കടക്കുന്നതു തടയുന്നതിനുവേണ്ടിയാണിത്. കൂടാതെ നടനെ അറസ്റ്റ് ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം ഉടൻ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് തിരിക്കും. അതേസമയം സിദ്ധിഖ് ഒളിവിൽ പോയതായി സൂചനയുണ്ട്.
സിദ്ദിഖിന്റെ എല്ലാ ഫോൺ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ് ഇല്ലയെന്നും റിപ്പോർട്ടുകളുണ്ട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ദിഖുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ അതിന് വേണ്ടി കാത്ത് നിൽക്കേണ്ടെന്നും അറസ്റ്റിന് നിയമതടസമില്ലാത്തതിനാൽ ഇന്നുതന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് മസ്കറ്റ് ഹോട്ടലിലെത്തിച്ച് യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. യുവ നടിയുടെ രഹസ്യ മൊഴി പ്രത്യേക അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു.
പരാതിക്കാരിയായ യുവനടി, സിദ്ദിഖിനെതിരേ ബലാത്സംഗ ആരോപണം മുൻപ് ഉന്നയിച്ചിട്ടില്ലെന്നും പരാതി അടിസ്ഥാനമില്ലാത്തതാണെന്നും
ഹർജിക്കാരനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള വാദിച്ചു. 2012-ലാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്നത്. സൂക്ഷ്മമായി തയാറാക്കിയ കഥയാണ് പരാതിക്കാരി ഉയർത്തിയതെന്നാണ് സിദ്ദീഖിന്റെയും അഭിഭാഷകന്റെയും ആരോപണം.
എന്നാൽ, പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്ക്കറ്റ് ഹോട്ടലിൽ എത്തിയതിന് തെളിവുണ്ടെന്നും സർക്കാരിനായി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. സിനിമയുടെ സ്ക്രീനിംഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മസ്കറ്റ് ഹോട്ടലിൽ എത്തിയതിന്റേയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകൾ ഇതോടെ സാഹചര്യ തെളിവുകൾ സിദ്ധിഖിന് എതിരായി.
കേസ് കോടതിയിലെത്തിയപ്പോൾ സിദ്ദിഖ് ഉന്നയിച്ച പ്രധാന ആരോപണം പരാതി ഉന്നയിക്കാൻ കാലതാമസമുണ്ടായി എന്നതാണ്. എന്നാൽ പരാതിയിൽ കാലതാമസം ഉണ്ടായി എന്നതുകൊണ്ട് കേസിന്റെ ഗൗരവം ഇല്ലാതാകുന്നില്ല. കൂടാതെ ഇതിൽ നിയമ നടപടികൾക്കും തടസമില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി മറുപടി നൽകിയത്. പരാതിക്കാരിക്കെതിരായ ആരോപണങ്ങളെ കോടതി തള്ളിക്കളഞ്ഞു. കൂടാതെ പരാതിക്കാരിക്കെതിരായ വ്യക്തിഹത്യ പാടില്ലെന്നും കോടതി വ്യക്തമാക്കി.