തിരുവനന്തപുരം: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ നടൻ സിദ്ദിഖ് ഡിജിപിക്ക് പരാതി നൽകി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സിദ്ധിഖ് പറയുന്നു.
ഓരോ സമയങ്ങളിലും വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നത്. ഇപ്പോഴാണ് ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. 2018 ൽ താൻ മോശമായ വാക്കുകൾ പ്രയോഗിച്ചുവെന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ഉപദ്രവിച്ചുവെന്നായി ആരോപണം. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് പോയപ്പോൾ മാതാപിതാക്കൾക്കൊപ്പമല്ലാതെ ഇവരെ കണ്ടിട്ടില്ല. താൻ അവരുമായി മോശം സംഭാഷണം നടത്തിയിട്ടില്ല. ശാരീരികവുമായി ഉപദ്രവിച്ചിട്ടില്ല. ലൈംഗീകമായി ഉപദ്രവിച്ച സമയത്ത് ഇവർക്ക് പ്രായപൂർത്തിയായില്ലെന്നു പറയുന്നു. ഫേസ്ബുക്ക്
പരിശോധിച്ചാൽ തന്നെ അത് നുണയാണെന്ന് മനസിലാകും.
തനിക്കെതിരേ മാത്രമല്ല മറ്റു പതിനാല് പേർക്കെതിരേയും ഈ വ്യക്തി ഫെയ്സ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇവർക്ക് വ്യക്തമായ അജണ്ട ഉണ്ടെന്ന് ഉറപ്പാണ്. തനിക്കെതിരേ മാത്രമല്ല ‘അമ്മ’യുടെ അന്തസ് തകർക്കുന്ന ആരോപണമാണ് അവർ ഉന്നയിക്കുന്നത്. ജനശ്രദ്ധ പിടിച്ചു പറ്റാനാണ് അവരുടെ ശ്രമം. ഈ ക്രിമിനൽ ഗൂഢാലോചനയ്ക്ക് പിറകിലെ സത്യം പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. അതിനായി വേണ്ട നടപടി എടുക്കണമെന്ന് താൻ അഭ്യർഥിക്കുന്നു- സിദ്ദിഖ് പോലീസ് മേധാവിക്കയച്ച കത്തിൽ പറയുന്നു.
കഴിഞ്ഞദിവസമാണ് നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവച്ചത്.