കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ സംഭവ വികാസങ്ങളും ലൈംഗീകാരോപണങ്ങളും ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് നാളെ എത്താൻ സാധിക്കാത്തതിനാലാണ് യോഗം മാറ്റിവച്ചത്. മാത്രമല്ല, യോഗത്തിൽ നേരിട്ടു പങ്കെടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ കൂടി സൗകര്യാർഥം യോഗം മാറ്റിയിരിക്കുകയാണെന്ന് സംഘടനയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനുശേഷം, സിദ്ദിഖിന് രാജി വയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ പകരക്കാരനെ കണ്ടെത്തുക എന്ന വെല്ലുവിളിയും സംഘടനയ്ക്ക് മുൻപാകെയുണ്ട്. അമ്മയുടെ ജനറൽ സെക്രട്ടറിയായി നടൻ ജഗദീഷിനെ തിരഞ്ഞെടുക്കുമെന്ന അഭ്യൂഹവും അംഗങ്ങൾക്കിടയിലുണ്ട്. നിലവിൽ ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ് ജനറൽ സെക്രട്ടറിയുടെ ചുമതല.
അതേസമയം മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിൻെറ യോഗം നാളെ ചേരാൻ സാധ്യതയുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനുശേഷം ലൈംഗീകാരോപണങ്ങളുമായി രംഗത്തെത്തുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അന്വേഷണം വേഗത്തിലായില്ലെങ്കിൽ സർക്കാരിന് തന്നെ ദോഷകരമായി ബാധിക്കും.