ന്യൂഡൽഹി: വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിൻ്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്ന ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ഏകദേശം 23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ദേശീയ പെൻഷൻ സംവിധാനത്തിന് (എൻപിഎസ്) പകരമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് യുപിഎസ്, ഈ സ്കീമിന് കീഴിൽ, പെൻഷൻകാർക്ക് 25 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിൽ, കഴിഞ്ഞ 12 മാസത്തെ സേവനത്തിൻ്റെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം ഉറപ്പ് ലഭിക്കും. പെൻഷൻ പദ്ധതി 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
യുപിഎസിൻ്റെ പ്രധാന സവിശേഷതകൾ- ഒരാൾ 25 വർഷം ജോലി ചെയ്താൽ അയാൾ വിരമിക്കുമ്പോൾ വിരമിക്കുന്നതിന്റെ തൊട്ടു മുൻപുള്ള 12 മാസത്തെ അടിസ്ഥാന ശമ്പളം ലഭിക്കും.
കുടുംബ പെൻഷൻ ഉറപ്പാക്കും. അതായത് പെൻഷൻ വാങ്ങുന്നയാൾ മരണപ്പെട്ടാൽ അയാളുടെ പെൻഷൻ തുകയുടെ 60% കുടുംബത്തിന് ലഭിക്കും.
പുതിയ പദ്ധതി പ്രകാരം പത്ത് വർഷത്തെ സേവനമുള്ള ജീവനക്കാർക്ക് 10,000 രൂപ പെൻഷൻ ലഭിക്കും.