ലഖ്നൗ: ഉത്തർപ്രദേശിൽ ബലാത്സംഗക്കേസ് പ്രതിയുടെ ഉടമസ്ഥതയിലുള്ള അനധികൃത ബഹുനില ഷോപ്പിംഗ് കോംപ്ലക്സ് അയോധ്യ ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. പ്രതിയും സമാജ്വാദി പാർട്ടി നേതാവുമായ മൊയ്ദ് ഖാൻ്റെ (65) ഉടമസ്ഥതയിലുള്ള 4000 ചതുരശ്ര അടി സ്ഥലത്ത് മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന കെട്ടിടമാണ് തകർത്തത്.
കനത്ത സുരക്ഷയിൽ മൂന്ന് ബുൾഡോസറുകളും ഒരു എക്സ്കവേറ്ററും ഉപയോഗിച്ചാണ് പൊളിക്കൽ നടപടികൾ പൂർത്തീകരിച്ചത്.
അയോധ്യയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൊയ്ദ് ഖാനെയും ഇയാളുടെ സഹായി രാജു ഖാനൊപ്പം അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ, കൂട്ട ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായി.
കേസിൽ അറസ്റ്റിലായതിന് ശേഷം, മൊയ്ദ് ഖാൻ്റെ മറ്റൊരു അനധികൃത കെട്ടിടം – 3,000 ചതുരശ്ര അടി സ്ഥലത്ത് നിർമിച്ച ഒരു ബേക്കറിയും ഈ മാസം ആദ്യം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു.ഷോപ്പിംഗ് കോംപ്ലക്സിൻ്റെ നിയമസാധുത ചോദ്യം ചെയ്ത റവന്യൂ വകുപ്പ്, സമുച്ചയത്തിൻ്റെ നിയമസാധുത തെളിയിക്കുന്നില്ലെങ്കിൽ കെട്ടിടം പൊളിക്കുമെന്ന് കാണിച്ച് മൊയ്ദ് ഖാന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. റവന്യൂ രേഖകൾ പ്രകാരം, അയോധ്യയിലെ പുരകലന്ദർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭാദർസയിലെ ഒരു പൊതു റോഡിലാണ് സമുച്ചയം ഭാഗികമായി നിർമിച്ചിരിക്കുന്നത്.
എസ്ഡിഎമ്മിലെ സോഹാവാളിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഷോപ്പിംഗ് കോംപ്ലക്സ് തകർത്തതെന്ന് അയോധ്യ ഡെവലപ്മെൻ്റ് അതോറിറ്റി (എഡിഎ) സെക്രട്ടറി സത്യേന്ദ്ര സിംഗ് പറഞ്ഞു.