കൊച്ചി: 10 ദിവസമായി വൻ കുതിപ്പിലേക്ക് പോയ്ക്കൊണ്ടിരുന്ന സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,440 രൂപയിലും ഗ്രാമിന് 6,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വില 5,530 രൂപയാണ്.
ബുധനാഴ്ച പവന് 400 രൂപ ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന റേക്കോർഡിൽ എത്തിയശേഷമാണ് വിലയിൽ നേരിയ ഇടിവ് വന്നത്.
കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ജൂലൈയിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവുണ്ടായി. 4500 രൂപയോളമാണ് താഴ്ന്നത്.
പിന്നീട് തിരിച്ചുകയറിയ സ്വർണവില പത്തുദിവസത്തിനിടെ 2,500ലധികം രൂപ വർധിച്ചാണ് വീണ്ടും 53,000ന് മുകളിൽ എത്തിയത്. രണ്ടാഴ്ചയ്ക്കിടെ 2900 രൂപ വർധിച്ച ശേഷമാണ് ഇന്ന് താഴ്ന്നത്. അതേസമയം, വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 92 രൂപയും എട്ടു ഗ്രാമിന് 736 രൂപയുമാണ് നിരക്ക്.