തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസുകാരിയെ കാണാതായിട്ട് 26 മണിക്കൂർ പിന്നിട്ടിട്ടും സൂചനയില്ല. കുട്ടി കന്യാകുമാരിയിലുണ്ടെന്ന നിഗമനത്തിൽ റെയിൽവേസ്റ്റേഷനിലും ബീച്ചിലുമെല്ലാം പോലീസ് അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. റെയിൽവേസ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചുവെങ്കിലും കുട്ടിയെ കുറിച്ച് യാഥൊരു സൂചനയുമില്ല.
കുട്ടി കന്യാകുമാരിയിൽനിന്ന് മറ്റെവിടേക്കെങ്കിലും ട്രെയിൻ കയറി യാത്രതിരിച്ചോ എന്ന സംശയത്തിൽ ട്രെയിനുകൾ കേന്ദ്രീകരിച്ച് പോലീസും ആർപിഎഫും തിരച്ചിൽ നടത്തുന്നുണ്ട്. കുട്ടി തിരുവനന്തപുരത്തേക്ക് മടങ്ങാനുള്ള സാധ്യത പരിഗണിച്ച് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും ബസുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
അതിനിടെ, കുട്ടി ചെന്നൈയിൽ ജോലി ചെയ്യുന്ന മൂത്ത സഹോദരന്റെ അടുത്തേക്ക് പോയിരിക്കാമെന്ന സംശയമുണ്ടായിരുന്നെങ്കിലും താൻ ഇപ്പോൾ ബെംഗളൂരുവിലാണെന്നും കുട്ടി തന്റെ അടുത്തേക്ക് വന്നിട്ടില്ലെന്നും സഹോദരനായ വാഹിദ് ഹുസൈൻ പറഞ്ഞു.
തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കുട്ടിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ട് ട്രെയിനിലെ യാത്രക്കാരി കുട്ടിയുടെ ചിത്രം ഫോണിൽ പകർത്തിയിരുന്നു. ഇത് കാണാതായ തസ്മീൻ തന്നെയാണെന്ന് കുടുംബവും പോലീസും സ്ഥിരീകരിച്ചു. ഇതോടെയാണ് കന്യാകുമാരി കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ഊർജിതമാക്കിയത്. എന്നാൽ, മറ്റുസൂചനകളൊന്നും കിട്ടാത്തതിനാൽ കുട്ടിയ്ക്കായുള്ള അന്വേഷണം കന്യാകുമാരിയിൽ വഴിമുട്ടിനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ 9497960113 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മീൻ ബീഗത്തെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്. കുട്ടിയെ കാണാതായ വിവരം മാതാപിതാക്കൾ വൈകീട്ട് നാലോടെ കഴക്കൂട്ടം പോലീസിൽ അറിയിച്ചു. രാവിലെ സഹോദരിമാരുമായി വഴക്കിട്ടപ്പോൾ മാതാപിതാക്കൾ തസ്മീനെ ശകാരിച്ചിരുന്നു. തുടർന്ന് അവർ ജോലിക്കു പോയി. ഉച്ചയ്ക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു മനസ്സിലായത്. കണിയാപുരം ഗേൾസ് ഹൈസ്കൂളിൽ പ്രവേശനം നേടാൻ ഒരുങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.