കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപെട്ടവർക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപയിൽ നിന്നും കേരള ഗ്രാമീൺ ബാങ്കിന്റെ വായ്പ കുടിശികയിലേക്ക് ഇഎംഐ പിടിച്ച സംഭവത്തിൽ ബാങ്ക് റീജനൽ ഓഫിസിന് മുന്നിൽ സംഘർഷം. റീജനൽ ഓഫിസിന് മുന്നിൽ ഇന്നു രാവിലെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരമാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇരു വിഭാഗവും നേർക്കുനേർ വന്നതോടെയാണ് സംഘർഷം ഉടലെടുത്തത്. പൊലീസ് ഇടപെട്ട് ഇരു സംഘത്തേയും പിടിച്ചുമാറ്റുകയായിരുന്നു. ഇതിനിടെ യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. യൂത്ത് ലീഗ് പ്രവർത്തകർ ബാങ്ക് ഓഫിസിലേക്ക് കടന്നുകയറാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽപ്പെട്ടവർക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപയിൽ നിന്നും 1500 രൂപ മുതൽ 5000 രൂപ വരെയാണ് ബാങ്ക് പിടിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം കഴിഞ്ഞ ദിവസം ഉയർന്നിരുന്നു.
ഇന്നു രാവിലെ എട്ട് മണിയോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി ബാങ്ക് ഓഫിസിന് മുന്നിൽ എത്തിയത്. എന്നാൽ പൊലീസ്, ബാങ്ക് കെട്ടിടത്തിലേക്ക് കടക്കുന്നത് തടയാൻ ഷട്ടറുകൾ അടച്ചു. ഷട്ടറിന് മുന്നിൽ കുത്തിയിരുന്നായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. തുടർന്ന് ഒൻപതു മണിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബാങ്കിന് മുന്നിൽ പ്രതിഷേധവുമായെത്തി. ഇരു സംഘങ്ങളായി പ്രതിഷേധിക്കുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും പരസ്പരം വെല്ലുവിളിച്ചുകൊണ്ട് പാഞ്ഞടുത്തത്. ഇതോടെ പൊലീസ് ഇടപെട്ട് ഇരു സംഘത്തേയും നിയന്ത്രിക്കുകയായിരുന്നു. ഇതിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽനിന്നു വായ്പത്തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിന്റെ നടപടിയാണ് വിവാദത്തിലായത്. ബാങ്കിന്റെ ചൂരൽമല ശാഖയിൽനിന്നു വായ്പ എടുത്തവരിൽനിന്നാണു പ്രതിമാസ തിരിച്ചടവ് ഈടാക്കിയത്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന 10 പേർ ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നടപടി വിവാദമായതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നം പരിഹരിക്കാൻ കലക്ടറോടു നിർദേശിച്ചു. തുടർന്ന്, ഈടാക്കിയ തുക ഉടൻ തിരിച്ചുനൽകണമെന്ന് ബാങ്കുകൾക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ലീഡ് ബാങ്ക് മാനേജർക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവു നൽകിയിരുന്നു.