ന്യൂഡൽഹി: ബിജെപിയിലേക്ക് മാറുന്നെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായി സോറൻ. പ്രചരിക്കുന്ന കിംവദന്തികളെക്കുറിച്ച് ചോദിച്ചപ്പോൾ, സോറൻ ഇക്കാര്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ പ്രകടിപ്പിച്ചു. “ഹം ജഹാൻ പർ ഹേ വഹി പർ ഹേ” (ഞാൻ എവിടെയാണോ അവിടെയാണ് ഞാൻ) എന്ന് പ്രസ്താവിച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ നിലവിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
എന്ത് കിംവദന്തികളാണ് പ്രചരിക്കുന്നതെന്ന് തനിക്കറിയില്ല, ഏത് തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നതെന്നും തനിക്കറിയില്ല, അതിനാൽ ഇത് ശരിയാണോ അല്ലയോയെന്ന് എനിക്ക് പറയാൻ കഴിയില്ലയെന്നും സോറൻ തൻ്റെ പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം നടക്കാനിരിക്കുന്ന ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചമ്പായി സോറനും മറ്റ് ചില ജെഎംഎം നേതാക്കളും ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനായി ഇവർ കഴിഞ്ഞദിവസം അർധരാത്രിയിൽ കൊൽക്കത്തയിലെത്തി പാർക്ക് ഹോട്ടലിൽ വെച്ച് ബിജെപി നേതാക്കളുമായി ചർച്ചനടത്തിയതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തുരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഹേമന്ത് സോറൻ രാജിവെച്ച് ജയിലിൽ പോയതോടെയാണ് ചമ്പായി സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായത്. പിന്നീട് ജാമ്യം ലഭിച്ച് ഹേമന്ത് സോറൻ തിരിച്ചുവന്നതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചൊഴിയുകയായിരുന്നു.