കൊച്ചി: ദൃശ്യമാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ കേസിൽ സംവിധായകൻ മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെതാണ് ഉത്തരവ്.
2016 മാർച്ച് 12-ന് എറണാകുളത്തെ ഒരു ഹോട്ടലിൽ നടന്ന പരിപാടിയിലായിരുന്നു കേസിനാസ്പദമായ സംബവം നടന്നത്. ഹർജിക്കാരൻ ആർമി ഓഫീസറും സെലിബ്രിറ്റിയുമാണ്. അങ്ങനെയുള്ളപ്പോൾ സാധാരണ മനുഷ്യർ അവർ പറയന്നത് ശ്രദ്ധിക്കും. പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ ശ്രദ്ധിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നിരപരാധിത്വം തെളിയിക്കാൻ വിചാരണ വേളയിൽ ഹർജിക്കാരന് അവസരം ലഭിക്കുമെന്നും കോടതി പറഞ്ഞു. എന്നാൽ പ്രസംഗത്തിന്റെ പേരിൽ മജിസ്ട്രേറ്റ് ഇദ്ദേഹത്തിന്റെ പേരിൽ അപകീർത്തി കേസെടുത്തത് കോടതി റദ്ദാക്കി. നിയമപരമായ വിലക്ക് മറികടന്നാണ് കേസെടുത്തതെന്ന വിലയിരുത്തലിലാണ് റദ്ദാക്കിയത്.