കൊൽക്കത്ത: ആർജി കാർ ആശുപത്രിയിൽ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്ഥലം പെട്ടെന്ന് തന്നെ നവീകരണത്തിന് വിധേയയായത് തെളിവുകൾ നശിപ്പിക്കുന്നതിന് കാരണമായേക്കാമെന്ന് ദേശീയ വനിതാ കമ്മീഷൻ. കൊൽക്കത്ത പോലീസ് ഉടൻ തന്നെ കുറ്റകൃത്യം നടന്ന സ്ഥലം സീൽ ചെയ്യണമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പോലീസിന് വീഴ്ച പറ്റി. രാജ്യത്തെ ഞെട്ടിച്ച സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് കണ്ടെത്തൽ.
മോശമായി പരിപാലിക്കുന്ന ശുചിമുറികൾ, അപര്യാപ്തമായ വെളിച്ചം, സുരക്ഷാ നടപടികളുടെ പൂർണ്ണമായ അഭാവം എന്നിവയുൾപ്പെടെ വനിതാ മെഡിക്കൽ സ്റ്റാഫിന് അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിയിൽ ഇല്ലെന്ന് എൻസിഡബ്ല്യുവിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയുടെ സുരക്ഷയിലും അടിസ്ഥാന സൗകര്യങ്ങളിലും ആശങ്കാജനകമായ വീഴ്ചയുണ്ട്. സംഭവത്തെത്തുടർന്ന് രാജിവച്ച മുൻ പ്രിൻസിപ്പലിനെ ചോദ്യം ചെയ്യുന്നത് അപൂർണമായി തുടരുകയാണെന്ന് എൻസിഡബ്ല്യു പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞു. കൂടാതെ സംഭവസമയത്ത് സുരക്ഷാ ഗാർഡുകൾ ഉണ്ടായിരുന്നില്ല. രാത്രി ഷിഫ്റ്റുകളിൽ ഓൺ-കോൾ ഇൻ്റേണുകൾക്കും ഡോക്ടർമാർക്കും നഴ്സുമാർക്കും മതിയായ സംരക്ഷണം ഇല്ലായിരുന്നു.
2024 ഓഗസ്റ്റ് 10 ന്, സംഭവത്തിൽ ഉടനടി നടപടിയും സമഗ്രമായ അന്വേഷണവും ആവശ്യപ്പെട്ട് കമ്മീഷൻ കൊൽക്കത്ത പോലീസ് കമ്മീഷണർക്ക് കത്ത് അയച്ചിരുന്നു. സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ, എൻസിഡബ്ല്യു അംഗം ഡെലീന ഖോണ്ട്ഗുപ്പും പശ്ചിമ ബംഗാൾ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ നിന്നുള്ള അഭിഭാഷക സോമ ചൗധരിയും അടങ്ങുന്ന രണ്ടംഗ അന്വേഷണ സമിതിയെ എൻസിഡബ്ല്യു രൂപീകരിച്ചു.