വടകര: എടോടിയിലെ ബാങ്ക് ഒഫ് മഹാരാഷ്ട്ര ശാഖയിലെ മുൻ മാനേജർ 17 കോടി രൂപയോളം വില വരുന്ന സ്വർണം തട്ടിയെടുത്ത് മുങ്ങി. ഈ തുകയ്ക്ക് സമാനമായ 26 കിലോ സ്വർണവുമായാണ് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് മധ ജയകുമാർ (34) മുങ്ങിയത്. സ്വർണത്തിനു പകരം മുക്കുപണ്ടം പകരം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് കേസ്.
2021ൽ ഇവിടെ ചാർജെടുത്ത മധ ജയകുമാറിനെ കഴിഞ്ഞ ജൂലൈയിൽ പാലാരിവട്ടം ശാഖയിലേക്കു സ്ഥലം മാറ്റിയിരുന്നു. എന്നാൽ ഇയാൾ ഇതുവരെ ചാർജെടുത്തിട്ടില്ല. വടകര ശാഖയിലെ റീ അപ്രൈസൽ നടപടിയിലാണു ക്രമക്കേട് മനസിലായത്. 2021 മുതൽ മൂന്നു വർഷങ്ങളായി 42 അകൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്.
സംഭവത്തിൽ നിലവിലെ ബാങ്ക്മാനേജർ ഈസ്റ്റ് പള്ളൂർ റുക്സാന വില്ലയിൽ ഇർഷാദിന്റെ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.