ഡൽഹി: ജമ്മു കാശ്മീർ, മഹാരാഷ്ട്ര അടക്കം നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയതികൾ ഇന്നറിയാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉച്ചതിരിഞ്ഞ് മൂന്നിന് നടത്തുന്ന വാർത്താസമ്മേളനത്തിൽ തിയതി പ്രഖ്യാപിക്കും. അതേ സമയം, വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിച്ചേക്കും.
ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുക. രാഹുൽ ഗാന്ധിയുടെ രാജിയെ തുടർന്നാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. വയനാടിന് പുറമേ റായ്ബറേലിയിൽ നിന്നും രാഹുൽ ഗാന്ധി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ ചേലക്കര എംഎൽഎയായിരുന്ന സിപിഎമ്മിൻറെ കെ. രാധാകൃഷ്ണൻ, പാലക്കാട് എംഎൽയായിരുന്ന കോൺഗ്രസിൻറെ ഷാഫി പറമ്പിൽ എന്നിവർ ലോക്സഭയിലേക്ക് വിജയിച്ചതിനെ തുടർന്നാണ് ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്..
ഹരിയാന നിയമസഭയുടെ കാലാവധി നവംബർ മൂന്നിനും മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26 നും അവസാനിക്കും. ജാർഖണ്ഡ് നിയമസഭയുടെ കാലാവധിയും ഡിസംബറോടെയും അവസാനിക്കും. ഇതോടൊപ്പം ജമ്മു കാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പും നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനം. നേരത്തെ, ജമ്മു കാശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബറിനകം നടത്താൻ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.