അടൂർ: വിദ്യാർഥികളെ കണ്ടാൽ ഡബിൾ ബെല്ലടിച്ച് പോകുന്നത് പല ബസുകളിലേയും സ്ഥിരം കാഴ്ചയാണ്. അല്ലെങ്കിൽ ഏത് കൊടിയ വേനലായാലും ഇടിച്ചുകുത്തിപ്പെയ്യുന്ന മഴയായാലും ബസ് എടുക്കുന്നവരെ കാത്തു നിൽക്കണം. അത്തരക്കാർക്ക് ഒരു മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് അടൂർ ട്രാഫിക് പോലീസ്. വിദ്യാർഥികളെ ബസിൽ കയറ്റാതെ പോയ പത്തനംതിട്ട-ചവറ റൂട്ടിൽ സർവീസ് നടത്തുന്ന ‘യൂണിയൻ’ എന്ന സ്വകാര്യബസിലെ ജീവനക്കാർക്കാർക്ക്, ട്രാഫിക് എസ്ഐ ജി. സുരേഷ് കുമാർ 100 തവണ ഇംപോസിഷൻ നൽകിയാണ് വിട്ടയച്ചത്. വിദ്യാർഥികളെ കയറ്റാതെ പോയ ബസിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ബസ് ജീവനക്കാർക്ക് ഇംപോസിഷൻ എഴുതേണ്ടി വന്നത്.
‘കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ, മനഃപൂർവമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല,’ എന്ന്നൂറുതവണ ഇംപോസിഷൻ എഴുതിയത് കൂടാതെ ഇനിയും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന താക്കീതും നൽകിയാണ് ട്രാഫിക് എസ്ഐ നൽകിയാണ് ഇവരെ വിട്ടയച്ചത്.
അടൂർ പാർഥസാരഥി ജങ്ഷനിൽ ബസ് നിർത്തിയപ്പോൾ കയറാൻ ശ്രമിച്ച പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളോട്, മുൻപിൽ മറ്റൊരു ബസുണ്ടെന്നും അതിൽകയറിയാൽ മതിയെന്നുമാണ് ജീവനക്കാർ പറഞ്ഞത്. എന്നാൽ, വിദ്യാർഥികൾ ഈ ബസിൽ കയറാൻതുടങ്ങിയപ്പോൾ ജീവനക്കാർ കയർക്കുകയായിരുന്നു.