ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനെ (30) കണ്ടെത്താനുള്ള തെരച്ചിൽ സംബന്ധിച്ച് ചർച്ച ചെയ്യാൻ കാർവാറിൽ അടിയന്തര യോഗം. ജില്ലാ കലക്ടർ, എസ്പി, കാർവാർ എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തെരച്ചിൽ ആരംഭിക്കാൻ കേരള സർക്കാർ കർണാടക സർക്കാരിൽ സമ്മർദം ശക്തമാക്കിയതോടെയാണ് അടിയന്തര യോഗം വിളിച്ചുചേർത്തത്.
കേരള സർക്കാരിന്റെ സമ്മർദം മൂലം നാവിക സേന ഗംഗാവലി പുഴയിൽ പരിശോധന നടത്തി. അടിയൊഴുക്ക് കുറഞ്ഞാൽ പുഴയിലിറങ്ങിയുള്ള തെരച്ചിൽ ആരംഭിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.
ജൂലൈ 16ന് രാവിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനനെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഷിരൂരിലെത്തി കലക്ടറെ കാണാനിരിക്കുകയാണ് അർജുനന്റെ കുടുംബം. തിരച്ചിൽ പുന:രാരംഭിച്ചില്ലെങ്കിൽ കുടുബാംഗങ്ങൾ ഒന്നിച്ച് ഷിരൂരിലെത്തി പ്രതിഷേധിക്കുമെന്ന് അർജുൻ്റെ കുടുംബം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തിരച്ചിൽ ആരംഭിച്ചില്ലെന്നു മാത്രമല്ല പുഴയിൽ തിരച്ചിലിനായെത്തിയ ഈശ്വർ മാൽപ്പയെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്നും കഴിഞ്ഞ ദിവസം അർജുനന്റെകുടുംബം ആരോപിച്ചിരുന്നു.
കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അർജുൻ അപകടത്തിൽപ്പെട്ടത്. സംഭവം നടന്ന് ഒമ്പത് ദിവസങ്ങൾക്കു ശേഷം നദിക്കടിയിൽ ലോറിയുണ്ടെന്ന് കണ്ടെത്തിയെങ്കിലും മഴയും ശക്തമായ അടിയൊഴുക്കും കാരണം തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു.