കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ചാലിയാറിൽ ആരംഭിച്ചു. എൻഡിആർഎഫ്, അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനം വകുപ്പ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് ഇന്ന് തിരച്ചിൽ.
60 അംഗ സംഘമാണ് ചാലിയാറിൽ തിരച്ചിലിനായെത്തുക. നല്ല വൈദഗ്ധ്യം ആവശ്യമാണെന്നതിനാൽ സന്നദ്ധ പ്രവർത്തകരെ ചാലിയാറിൽ ഇറങ്ങി തിരച്ചിൽ നടത്താൻ അനുവധിക്കില്ല. എന്നാൽ വനമേഖലയായ പാണൻ കായത്തിൽ 10 സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 50 അംഗ സംഘവും പാണൻകായം മുതൽ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതൽ ചാലിയാർ മുക്കുവരെയും 20 സന്നദ്ധപ്രവർത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളുമാണ് തിരച്ചിൽ നടത്തുക. ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ സന്നദ്ധ പ്രവർത്തകർ ഉൾപ്പെടുന്ന 40 അംഗ സംഘവും തിരച്ചിലിനുണ്ട്.
അതേസമയം ഉരുൾപൊട്ടൽ ദുരന്ത മേഖലകളിലുള്ള പരിശോധനയ്ക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സംഘം ഇന്ന് ജില്ലയിലത്തും. ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധനയ്ക്കായി വയനാട് എത്തുന്നത്. പുനരധിവാസത്തിന് പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും. സംഘം സമർപ്പിക്കുന്ന റിപ്പോർട്ട് പരിഗണിച്ചാവും പുന:രധിവാസ-ടൗൺഷിപ്പ് പദ്ധതികൾ നടപ്പിലാക്കുക. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാനാണ് വിദഗ്ധ സംഘത്തിന് നിർദേശം ലഭിച്ചിട്ടുള്ളത്.