പട്ന: ബീഹാറിലെ ജെഹാനാബാദ് ജില്ലയിലെ ബാബ സിദ്ധാന്ത ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഏഴ് തീർഥാടകർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ അനിയന്ത്രിതമായ തിരക്കാണ് അപകടത്തിന് കാരണം.
പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജഹനാബാദ് ജില്ലാ മജിസ്ട്രേറ്റ് അലങ്കൃത പാണ്ഡെ അറിയിച്ചു. തിക്കിലും തിരക്കിലും പെട്ടു എന്ന വാർത്ത പുറത്തുവന്നയുടൻ ജില്ലാ മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും സംഭവസ്ഥലം സന്ദർശിച്ചു. മരിച്ചവരെ തിരിച്ചറിയാൻ, മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കുമെന്ന് ജെഹാനാബാദ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദിവാകർ കുമാർ വിശ്വകർമ പറഞ്ഞു.