നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയ ഫോട്ടൊകൾക്കു നേരെ അധിക്ഷേപ വർഷവുമായി നടി സാമന്തയുടെ ആരാധകർ. ഇന്ന് രാവിലെ ഹൈദരാബാദിലെ നടന്റെ വസതിയിലായിരുന്നു വിവാഹനിശ്ചയം. എന്നാൽ ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തു വന്നതിന് തൊട്ടുപിന്നാലെ നിരവധി സാമന്താ ആരാധകരാണ് ശോഭിതയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അധിക്ഷേപകരമായ കമന്റുകളുമായി എത്തിയത്. നാഗചൈതന്യയുടെ കുടുംബം ശോഭിത തകർത്തുവെന്നാണ് ചിലർ കമന്റായി ഇട്ടിരിക്കുന്നത്. എന്നാൽ ചിലരുടെ കണ്ടെത്താലാകട്ടെ ഇരുവരും തമ്മിൽ യാഥൊരുവിധ പൊരുത്തമില്ല എന്നാണ്.
നാഗചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സാമന്ത റൂത്ത് പ്രഭുവുമായുള്ള ദീർഘനാളത്തെ പ്രണയം 2017-ൽ വിവാഹത്തിലെത്തിയെങ്കിലും നാലു വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിൽ ഇരുവരും തമ്മിൽ പിരിയുകയായിരുന്നു.
വിവാഹ നിശ്ചയത്തിന് ശേഷം നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന അക്കിനേനിയാണ് ഇരുവരും ഒന്നാകാൻ തീരുമാനിച്ച കാര്യം ആരാധകരെ അറിയിച്ചത്. ഈ വർഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ഇരുവരും പുതിയ സിനിമയുടെ തിരക്കിലാണ്.