ദുബായ്: രണ്ട് തവണ കൈവിട്ട വനിതാ ടി20 ലോകകപ്പ് കിരീടം ഇത്തവണ തിരിച്ചുപിടിക്കാൻ തന്നെയുദ്ദേശിച്ചായിരുന്നു ന്യൂസീലന്‍ഡിന്റെ വരവ്. അത് ഉറപ്പിക്കും വിധമായിരുന്നു ന്യൂസിലൻഡിന്റെ പ്രകടനും. ഞായറാഴ്ച നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് കീഴടക്കിയാണ് ന്യൂസീലന്‍ഡ് തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം സ്വന്തം നാട്ടില്‍നടന്ന ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇത്തവണ ന്യൂസിലൻഡിനോട് തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി.
വനിതാ ടി 20 ലോകകപ്പിന്റെ ആദ്യ രണ്ട് എഡിഷനിലും (2009, 2010) ഫൈനലിലെത്തിയ ന്യൂസീലന്‍ഡിന് ഒടുവിൽ അടി പതറുകയായിരുന്നു. എന്നാൽ മൂന്നാം ഫൈനലിൽ കിരീടം സ്വന്തമാക്കി ആ നാണക്കേട് മറി കടന്നു. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ദക്ഷിണാഫ്രിക്കയുടെ തുടക്കം മനോഹരമായിരുന്നെങ്കിലും പിന്നീട് തകർന്നടിയുകയായിരുന്നു. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടും തസ്മിന് ബ്രിറ്റ്സും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 41 പന്തില്‍ 51 റണ്‍സടിച്ചിരുന്നു. ഇരുവരും പുറത്തായതിനു പിന്നാലെ ദക്ഷിണാഫ്രിക്കയുടെ കൂട്ടത്തകര്‍ച്ചയായിരുന്നു. 27 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ലോറയാണ് അവരുടെ ടോപ് സ്കോറര്‍. തസ്മിന് ബ്രിറ്റ്സ് (17), അന്നെക്കെ ബോഷ് (9), മാരിസാന്നെ കാപ്പ് (8), നദിന്‍ ഡി ക്ലെര്‍ക്ക് (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. ന്യൂസീലന്‍ഡിനായി റോസ്മേരിയും അമേലിയ കെറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിരുന്നു. 38 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത അമേലിയ കെര്‍, 28 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ബ്രൂക്ക് ഹാല്ലിഡേ, 31 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത സൂസി ബേറ്റ്സ് എന്നിവരുടെ ഇന്നിങ്സുകളാണ് കിവീസ് വനിതകളെ മികച്ച സ്കോറിലെത്തിച്ചത്.