തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായി. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ്സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്.
ഇതു രണ്ടാം തവണയാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുന്നത്. കഴിഞ്ഞ തവണ ഹാജരായപ്പോൾ ഹാജരാക്കാൻ ആവശ്യപ്പെട്ട തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ അറസ്റ്റിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. എന്നാൽ സുപ്രിം കോടതി നിർദ്ദേശമുള്ളതിനാൽ കസ്റ്റഡിയിൽ വയ്ക്കുവാൻ അന്വേഷണ സംഘത്തിനു അനുമതിയില്ല.
ഇടക്കാല ജാമ്യം ലഭിച്ചതിനു പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി മെറിൻ ജോസഫ്, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.