തിരുവനന്തപുരം: വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്ത് 14 വയസുവരേയുള്ള കുട്ടികൾക്ക് കാർ യാത്രയ്ക്ക് പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു. കേന്ദ്ര വാഹന ചട്ടം അനുസരിച്ചാണ് സംസ്ഥാനത്തും ഈ നിയമം ശക്തമാക്കുന്നത്. ഇതു സംബന്ധിച്ച് ഒക്ടോബർ മാസത്തിൽ സാമൂഹികമാധ്യമങ്ങളിലടക്കം ബോധവത്കരണം നടത്തും. നവംബർ മാസത്തിൽ നിയമം ലംഘിച്ച് യാത്രചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകനും ഡിസംബർ മുതൽ പിഴ ഈടാക്കാനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
ഒന്ന് മുതൽ നാല് വയസുവരേയുള്ള കുട്ടികൾക്ക് കാറുകളുടെ പിൻ സീറ്റിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കും. 14 വരേ പ്രായമുള്ള കുട്ടികൾക്ക് ഉയരത്തിന് അനുസരിച്ച് പ്രത്യേക മാതൃകയിലുള്ള സീറ്റുമായിരിക്കും ഇനി മുതൽ കാറുകളിൽ.
അതുപോലെ ഇരുചക്ര വാഹനങ്ങളിലെ യാത്രകൾക്ക് നാലുവയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കും. ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്ന കുട്ടികളെ രക്ഷിതാക്കളുമായി ഒരു ബെൽറ്റ് ഉപയോഗിച്ച് ബന്ധിക്കുന്നത് അപകടങ്ങൾ ഒഴിവാക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതുപോലെ ഇനി മുതൽ കുട്ടികൾ അപകടത്തിൽപ്പെട്ടാൽ വാഹനത്തിന്റെ ഡ്രൈവർക്കായിരിക്കും പൂർണ ഉത്തരവാദിത്വമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.