ന്യൂഡൽഹി: എക്സിറ്റ്പോൾ ഫലങ്ങൾ മറികടന്ന് ഹരിയാനയിൽ ബിജെപി ഹാട്രിക്കിലേക്ക്. വോട്ടെണ്ണൽ മണിക്കൂറുകൾ പിന്നിടുമ്പോൾ 90 സീറ്റിൽ 49 ഇടത്തും ബിജെപി ലീഡ് നിലനിർത്തുന്നു. കോൺഗ്രസ് 35 സീറ്റിലാണ് മുന്നിലുള്ളത്. ഇതോടെ ബിജെപി പാളയത്തിൽ ആഘോഷങ്ങൾ തുടങ്ങി. സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം ബിജെപി ദേശീയ അധ്യക്ഷൻ നഡ്ഡ വിളിച്ചുചേർത്തിട്ടുണ്ട്.
ഹരിയാനയിൽ കോൺഗ്രസ് തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയാണ് മുന്നേറിയിരുന്നതെങ്കിലും പിന്നീട് ബിജെപി തിരിച്ചുപിടിക്കുകയായിരുന്നു. തുടക്കത്തിൽ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടം നടത്തിയിരുന്ന കോൺഗ്രസ് ക്യാമ്പുകൾ നിശബ്ദമായി. അത് പിന്നീട് ബിജെപി ഏറ്റെടുത്തു.
എന്നാൽ ജമ്മു കശ്മീരിൽ സ്ഥിതി മറിച്ചാണ്. നാഷനൽ സഖ്യത്തിന്റെ കൈപിടിച്ച് ഇന്ത്യ സഖ്യമാണ് മുന്നിൽ. ഒരിക്കൽ പോലും ഇവിടെ മുന്നിലെത്താൻ ബിജെപി സഖ്യത്തിന് കഴിഞ്ഞിട്ടില്ല. എൻസി 40 സീറ്റിലും ബിജെപി 28 സീറ്റിലും ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് 10 സീറ്റിലാണ് മുന്നിലുള്ളത്. എൻസിയുടെ ഒമർ അബ്ദുല്ലയും പിഡിപിയുടെ മെഹബൂബ മുഫ്തിയും മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്.
പ്രത്യേക സംസ്ഥാന പദവി പിൻവലിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് ജമ്മു കാശ്മീരിലേത്.