ബെംഗളുരു: പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പെന്ന് പോലീസ്. മുൻ എംഎൽഎ മൊഹിയുദ്ദീൻ ബാവയുടെ സഹോദരനാണ് മരിച്ച മുംതാസ് അലി. മലയാളിയായ റഹ്മത്ത് എന്ന സ്ത്രീയോടൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഒരുസംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ മുംതാസിൽ നിന്ന് 50 ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കി. എന്നാൽ റഹ്മത്തിനു ഈ കേസുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ ഉള്ള ആറ് പേർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചതായി മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. റഹ്മത്തുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ മുംതാസ് അലിയിൽ നിന്ന് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. കൂടുതൽ പണമാവശ്യപ്പെട്ട് ഇവർ വീണ്ടും മുംതാസ് അലിയെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആറ് പേർ ചേർന്ന് ഹണി ട്രാപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് കാണിച്ച് മുംതാസ് അലിയുടെ കുടുംബം കാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇയാളും ഒരു സ്ത്രീയും ഉൾപ്പെടുന്ന വീഡിയോ ഉപയോഗിച്ച് ഇവർ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ്, മുംതാസ് അലി തൻ്റെ കുടുംബ ഗ്രൂപ്പിന് ഒരു വോയ്സ് സന്ദേശം അയച്ചിരുന്നു, അതിൽ താൻ ഇതിനകം 50 ലക്ഷം രൂപ പ്രതികൾക്ക് നൽകിയിട്ടുണ്ടെന്നും 25 ലക്ഷം രൂപയ്ക്ക് മറ്റൊരു ചെക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി– പൻവേൽ) കുളൂർ പാലത്തിൽ അപകടത്തിൽപ്പെട്ട നിലയിൽ മുംതാസ് അലിയുടെ ആഡംബര കാർ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പനമ്പൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്ന തുടർന്നാണ് ഫാൽഗുനി പുഴയിൽ തിരച്ചിൽ നടത്തിയത്.
തിങ്കളാഴ്ച കുളൂർ പാലത്തിന് അടിയിൽനിന്നാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തിയത്. മുംതാസ് അലിയുടെ മൊബൈൽ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുൾപ്പെട്ട സംഘവും എൻഡിആർഎഫും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ മൂന്നോടെ മുംതാസ് അലി വീടുവിട്ടതായി മകൾ പൊലീസിനോടു പറഞ്ഞത്.