തിരുവനന്തപുരം: ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ തുടങ്ങിയ വിവാദങ്ങളിൽ അന്വേഷണം നേരിട്ട എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. മുഖ്യമന്ത്രി ഞായറാഴ്ച രാത്രി സെക്രട്ടേറിയറ്റിലെത്തി മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറത്തുവന്നത്. പകരം ചുമതല ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിന് നൽകി. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അതേസമയം അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും.
നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർണായക തീരുമാനം. നിയമസഭാ സമ്മേളനത്തിനു മുൻപ് കാര്യത്തിന് തീരുമാനമുണ്ടാക്കണമെന്ന് സിപിഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ എഡിജിപിയെ തൽസ്ഥാനത്തുനിന്ന് നീക്കിയെന്നല്ലാതെ വ്യക്തമായ കാരണം രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ പിവി അൻവർ ആരോപിച്ചതുപോലെ കസാരമാറ്റം മാത്രമാണ് നടന്നതെന്ന ആക്ഷേപം പ്രതിപക്ഷം നാളെ സഭയിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.
എംആർ അജിത് കുമാറിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പലപ്പോഴും ശ്രമിച്ചിരുന്നെങ്കിലും ഡിജിപിയുടെ റിപ്പോർട്ട് പൂർണമായും എഡിജിപിക്ക് എതിരായിരുന്നു. കൂടാതെ ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ വ്യക്തമായി അക്കമിട്ട് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുമുണ്ടായിരുന്നു. കൂടിക്കാഴ്ചയെപ്പറ്റി അജിത് കുമാറിൽ വിശദീകരണം പൂർണമായും തള്ളിക്കൊണ്ടുള്ള റിപ്പോർട്ടായിരുന്നു ഡിജിപി ആഭ്യന്തര സെക്രട്ടറിക്കു നൽകിയത്.
ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ തന്നെ എഡിജിപിക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നെങ്കിലും അന്വേഷണ റിപ്പോർട്ട് പുറത്തുവരണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയർത്തിയത്. എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുപ്പത്തിരണ്ടാം ദിവസമാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
കൂടാതെ പിവി അൻവർ ആരോപിച്ച റിദാൻ, മാമി കേസുകളിൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. റിദാൻ കേസിന്റെ അന്തിമ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തിൽതന്നെ അന്വേഷണ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.