തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ച സാഹചര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. ഡിജിപി ഇന്നലെ സമർപ്പിച്ച റിപ്പോർട്ടിൽ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിയുടെ വിശദീകരണം തള്ളി എന്നാണു സൂചന. അങ്ങനെയെങ്കിൽ സസ്പെൻഷൻ അടക്കമുള്ള നീക്കങ്ങളിലേക്ക് സർക്കാർ കടന്നേക്കാം.
എഡിജിപിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രിയാണ് ഡിജിപി സർക്കാറിന് സമർപ്പിച്ചത്. എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്കാണ് കൈമാറിയത്. റിപ്പോർട്ടിൻറെ ഉള്ളടക്കം ഡിജിപി ഇന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കും.
ഇതിന്റെ അടിസ്ഥാനത്തിലാകും എഡിജിപിക്കെതിരെ എന്ത് തുടർ നടപടികളെടുക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുക. റിപ്പോർട്ടിൽ പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ കൂടാതെ എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് പരാമർശമുള്ളതെന്നും സൂചനകളുണ്ട്. അങ്ങനെ പരാമർശങ്ങളുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് തുടർ നടപടികൾ കൈക്കൊള്ളാതിരിക്കാനുമാവില്ല. കാരണം സിപിഐ അടക്കമുള്ളവർ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പല പ്രാവശ്യം മുഖ്യമന്ത്രിയെ കണ്ടിരുന്നു.
എന്നാൽ ഡിജിപിയുടെ റിപ്പോർട്ട് വന്ന ശേഷം നിലപാടെടുക്കാമെന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതിനിടെ ഇന്നലെ നടന്ന ശബരിമല അവലോകന യോഗത്തിൽ നിന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ മാറ്റി നിർത്തിയത് ഡിജിപിയുടെ റിപ്പോർട്ട് മുന്നിൽ കണ്ടുകൊണ്ടാണെന്ന അക്ഷേപവുമുണ്ട്.