ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെട്ടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് പോളിങ് ആരംഭിച്ചത്. വൈകീട്ട് ആറ് മണിയോടെ അവസാനിക്കും. ലോക്സഭ ഇലക്ഷനിൽ ലഭിച്ച സ്വീകാര്യത ഇവിടെയും പ്രതിഭലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് തട്ടകം. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി സൈനി പറഞ്ഞു.
90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബിജെപി ഹാട്രിക് വിജയം ലക്ഷ്യമിട്ട് പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഹരിയാന, ജമ്മു-കശ്മീർ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ പുറത്തുവരും. ഒളിംപിക് മെഡലിസ്റ്റ് മനു ഭാസ്കർ, ഗുസ്തി താരവും ഹരിയാന കോൺഗ്രസ് സ്ഥാനാർഥിയുമായ വിനേഷ് ഫോഗട്ട്, ഹരിയാന മുഖ്യമന്ത്രി നയബ് സിങ് സൈനി തുടങ്ങിയ പ്രമുഖർ രാവിലെതന്നെയെത്തി തങ്ങളുടെ സമ്മതിദാനം വിനിയോഗിച്ചു. വിനേഷ് ഫോഗട്ട് അമ്മയ്ക്കൊപ്പമാണ് വോട്ടു ചെയ്യാനത്തിയത്.
2014-ൽ 47 സീറ്റുകൾ സ്വന്തമാക്കിയാണ് സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തിലേറുന്നത്. 2019-ലും അധികാരം നിലനിർത്തി. അഗ്നിവീർ പദ്ധതി, കർഷക പ്രതിഷേധം, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയ വിഷയങ്ങളിൽ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് പ്രചാരണത്തിനിറങ്ങിയത്. അതുപോലെ ഇത്തവണ അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പുകൾ.