തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ പൊതിഞ്ഞു സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഐ.
എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് സിപിഐയെ ചൊടിപ്പിച്ചത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചാ വിഷയത്തിൽ എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്നു നീക്കണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ചു നിൽകുകയാണ് സിപിഐ.
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ചേർന്ന പാർലമെന്ററി പാർട്ടി നേതാക്കളുടെ യോഗത്തിലാണ് സിപിഐ തങ്ങളുടെ നയം വ്യക്തമാക്കിയ്ത്. നിയമസഭാ സമ്മേളനം സജീവമാകുന്ന തിങ്കളാഴ്ചയ്ക്കുള്ളിൽ വിഷയത്തിൽ തീരുമാനം അന്തിമ തീരുമാനമുണ്ടാക്കണമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ മന്ത്രി കെ. രാജൻ ആവശ്യപ്പെട്ടുവെന്നാണ് വിവരം.
എന്നാൽ എഡിജിപിക്കെതിരെ മൃദു സമീപനം കെെക്കൊള്ളുന്ന മുഖ്യമന്ത്രി, അജിത് കുമാർ വരുത്തിയ വീഴ്ചകളുടെ വിശദാംശങ്ങൾ ഡിജിപിയുടെ റിപ്പോർട്ടിൽ ഇല്ലെന്നും വിശദമായ റിപ്പോർട്ട് വന്നതിനുശേഷം തുടർ നടപടികൈക്കൊള്ളാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ ഇത് സിപിഐയെ ചൊടിപ്പിച്ചിരിക്കയാണ്.
അജിത്കുമാറിനെ മാറ്റിയില്ലെങ്കിൽ നിയമസഭയിലും പുറത്തും സമ്മർദവും പ്രതിഷേധവും കടുപ്പിക്കാനാണ് സിപിഐയുടെ തീരുമാനം. തൃശൂർ പൂരം കലക്കലിൽ ഡിജിപി നൽകിയ നിലവിലെ റിപ്പോർട്ട് തന്നെ എഡിജിപിയെ മാറ്റാൻ പര്യാപ്തമാണെന്നതാണ് സിപിഐ നിലപാട്. അജിത് കുമാറിനെതിരെ ഇത്രയും ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി സംരക്ഷണം നൽകുന്നതിൽ സിപിഐ അതൃപ്തരാണ്.
വിവാദം പുറത്തുവന്നപ്പോൾ മുതൽ സിപിഐ തങ്ങളുടെ നയം വ്യക്തമാക്കിയതാണ്. ആർഎസ്എസ് ബന്ധം ആരോപിക്കപ്പെടുന്ന എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ബിനോയ് വിശ്വം സിപിഐയുടെ നിലപാട് അറിയിച്ചിട്ടും പാർലമെന്ററി യോഗത്തിൽ മന്ത്രി കെ രാജൻ മുന്നണിയുടെ പ്രതിസന്ധി അവതരിപ്പിച്ചിട്ടും ചെവിക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായിട്ടില്ല. ഇതോടെ സിപിഐയും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്.
സംഭവത്തിൽ നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോൾ ചെറുക്കേണ്ടതിനു പകരം സിപിഐ അംഗങ്ങൾ മൗനം പാലിക്കാനാണു സിപിഐ നീക്കം. അതോടൊപ്പം സർക്കാരിനെതിരെ പരസ്യ പ്രതിഷേധങ്ങളിലേക്ക് കടക്കാൻ യുവജന സംഘടനയായ എഐവൈഎഫിലെയും ആലോചന നടക്കുന്നുണ്ട്. നിലവിൽ എഡിജിപി വിഷയത്തിൽ എല്ലാ സൈഡിൽ നിന്നും വരിഞ്ഞുമുറുക്കാനാണ് സിപിഐ നീക്കം.