മുംബൈ: കൗമാരക്കാരിയായ മകളെ കാണാതായെന്ന പിതാവിന്റെ പരാതിയിൽ വഴിത്തിരിവ്. മകളെ കാണാതായതിനെ തുടർന്ന് 46 കാരനായ പിതാവ് തട്ടിക്കൊണ്ടുപോകൽ പരാതി നൽകുകയായിരുന്നു. എന്നാൽ പെൺകുട്ടിയെ കണ്ടെത്തിയതോടെ അന്വേഷണത്തിൽ വഴിത്തിരിവാകുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. താൻ പിതാവിൽ നിന്ന് രക്ഷപെടാനാണ് മുംബൈയിലെ വീട് വിട്ടിറങ്ങിയതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 46 കാരനെ പോലീസ് അറസ്റ്റ് ചെയ്തു
വ്യാഴാഴ്ചയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
സംഭവം ഇങ്ങനെ: പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ച് ബുധനാഴ്ച ഇയാൾ ടാർഡിയോ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തതായും കൗമാരക്കാരന് വേണ്ടി തെരച്ചിൽ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
തെരച്ചിലിനിടെ ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയെ പശ്ചിമ റെയിൽവേ നെറ്റ്വർക്കിലെ മഹാലക്ഷ്മി സ്റ്റേഷനിൽ കണ്ടെത്തി. പെൺകുട്ടിയെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി, നടത്തിയ ചോദ്യം ചെയ്യലിൽ, സ്വന്തം പിതാവ് ആവർത്തിച്ചുള്ള ലൈംഗികാതിക്രമത്തിൻ്റെ ഞെട്ടിക്കുന്ന കഥ പെൺകുട്ടി വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് കൗമാരക്കാരി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതു സംബന്ധിച്ച് തന്റെ സുഹൃത്തിനോട് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. പിന്നീട് വീഡിയൊ എടുത്തുകാണിച്ചപ്പോഴാണ് വിശ്വസിച്ചതെന്നും പെൺകുട്ടി പറഞ്ഞു
കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ബലാത്സംഗത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും പോക്സോ ആക്ട് എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.