ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ സമാന്ത – നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ തെലങ്കാന വനിതാ മന്ത്രി കൊണ്ട സുരേഖയ്ക്കെതിരെ തെലുങ്ക് സിനിമാ- രാഷ്ട്രീയ രംഗത്ത് വൻ പ്രതിഷേധം. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു (കെടിആർ) ആണെന്നായിരുന്നു വനിതാ മന്ത്രിയുടെ പ്രസ്താവന. ഇതിരെതിരെ നടി സമാന്തയും നാഗചൈതന്യയും ബിആർഎസും നാഗചൈതന്യയുടെ പിതാവ് നാഗാർജുനയും രംഗത്തെത്തിയിരുന്നു.
വിവാദ പരാമർശത്തിൽ സുരേഖയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടിസ് അയച്ച കെടിആർ 24 മണിക്കൂറിനകം മാപ്പു പറയണമെന്നും ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമ നടപടികളിലേക്കു കടക്കുമെന്നും കെടിആർ അറിയിച്ചു.
‘‘ലഹരിമരുന്ന് മാഫിയയാണ് കെടിആർ, സിനിമാ ഇൻഡസ്ട്രിയിലെ പലർക്കും അദ്ദേഹം ലഹരിമരുന്നെത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാൻ കഴിയാതെ പല നടിമാരും അഭിനയം പോലും നിർത്തി. കെടിആർ വീട്ടിൽ ലഹരിപാർട്ടികൾ നടത്തുമായിരുന്നു. ഇതിലേക്ക് സമാന്തയെ അയക്കാൻ നാഗാർജുനയോടു പറഞ്ഞു. ഇല്ലെങ്കിൽ നാഗാർജുനയുടെ എൻ കൺവൻഷൻ സെന്റർ പൊളിക്കുന്നതുമായി മുന്നോട്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. നാഗാർജുന നാഗചൈതന്യയോട് സമാന്തയെ കെടിആറിന്റെ വീട്ടിലേക്കു വിടാൻ പറഞ്ഞു. ഇതിനു സമാന്ത വിസമ്മതിച്ചതോടെയാണ് ഇരുവരും വിവാഹ മോചിതരാകാൻ തീരുമാനമെടുത്തത് എന്നായിരുന്നു കൊണ്ട സുരേഖയുടെ വിവാദ പ്രസ്താവന.
എന്നാൽ ഇതിനെതിരെ പ്രതികരിച്ച് നടി സാമന്തയും നാഗാർജുനയുടെ കുടുംബവും രംഗത്തെത്തി. സാമന്തയുടെ വാക്കുകൾ ഇങ്ങനെ: രാഷ്ട്രീയലാഭങ്ങൾക്കുവേണ്ടി തന്നെ കരുവാക്കരുത്. വേർപിരിയൽ തീർത്തും വ്യക്തിപരമാണ്. അതിൽ അനാവശ്യ വായനകൾ നടത്തരുത്. പരസ്പര സമ്മതത്തോടെ വ്യക്തിപരമായ കാരണങ്ങളാലാണു വേർപിരിഞ്ഞത്. അതിൽ രാഷ്ട്രീയമില്ല. സ്ത്രീകളെ വസ്തുക്കൾ മാത്രമായി കാണുന്ന സിനിമയിൽ പോരാടി ജീവിക്കുകയാണ്. അങ്ങനെയുള്ള തന്റെ ജീവിതത്തെ ചെറുതാക്കിക്കളയരുത്. മന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തം കാണിക്കണം.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നാഗാർജുനയും രംഗത്തെത്തിയിരുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തുനിന്ന് ഇത്തരമൊരു പരമാർശം നടത്തിയത് വളരെ മോശമാണെന്നും പറഞ്ഞത് തീർത്തും വാസ്തവവിരുദ്ധമാണെന്നും നാഗാർജുന പ്രതികരിച്ചു.
‘‘വിവാഹമോചനം എന്ന തീരുമാനം ഒട്ടും എളുപ്പമായ ഒന്നല്ല, വളരെയധികം വേദന നിറഞ്ഞ നിർഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കുമൊടുവിൽ ഞാനും എന്റെ മുൻ ഭാര്യയും ചേർന്നെടുത്ത തീരുമാനമാണത്. ഞങ്ങളുടെ വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങൾക്കും സമാധാനത്തിനും അതായിരുന്നു ശരി എന്ന തീരുമാനത്തിൽ, പ്രായപൂർത്തിയായ രണ്ട്ആളുകൾ എടുത്ത തീരുമാനമാണത്. പക്ഷെ അതിന്റെ പേരിൽ ഒരുപാട് കിംവദന്തികളും വാസ്തവവിരുദ്ധമായ കാര്യങ്ങളും വരെ പ്രചരിച്ചു. എന്നിട്ടും എന്റെ മുൻ ഭാര്യയുടെയും എന്റെ കുടുംബത്തെയും ബഹുമാനിക്കുന്നതു കൊണ്ടാണ് ഇതുവരെ അതിനോടൊന്നും പ്രതികരിക്കാതിരുന്നത് – നാഗചൈതന്യ കുറിച്ചു.
പ്രസ്താവന വിവാദമായതോടെ തെലുങ്കിലെ നിരവധി മുൻനിരതാരങ്ങളാണ് വിഷയത്തിൽ പ്രതികരവുമായി രംഗത്തെത്തിയത്. ‘‘വ്യക്തിജീവിതം രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുന്നത് തരംതാഴ്ന്ന പരിപാടിയാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സ്വകാര്യതയെ ബഹുമാനിക്കുകയും മാന്യത പുലർത്തുകയും വേണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഞങ്ങൾക്കെതിരെ ഉന്നയിക്കുന്നത് ഹൃദയവേദനയുണ്ടാക്കുന്നു. അതുകേട്ട് ഞങ്ങൾ വെറുതേയിരിക്കില്ല. ഇത്തരം കാര്യങ്ങളെ അതിജീവിച്ച് പരസ്പര ബഹുമാനത്തോടെ മുന്നോട്ടുപോകും. ഇത്തരം നിലപാടുകൾ ജനാധിപത്യ ഇന്ത്യയിലെ സമൂഹം സാമാന്യവത്കരിക്കില്ലെന്ന് ഉറപ്പുവരുത്തും’’ – ജൂനിയർ എൻടിആർ എക്സിൽ കുറിച്ചു.