ന്യൂഡൽഹി: കേരളം ആവശ്യപ്പെട്ട പ്രളയ ധനസഹായത്തിൽ എട്ടിലൊന്നു പോലും നൽകാതെ കേന്ദ്രം. നിലവിൽ കേരളം ധനസഹായമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 3000 കോടി രൂപയാണെങ്കിൽ അനുവദിച്ച് കിട്ടിയത് 145.60 കോടി രൂപ മാത്രം. പ്രളയ ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്.
ദുരന്ത നിവരാണ നിധിയില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ തുച്ഛമായ തുകയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്ര 1032 കോടി, അസം 716 കോടി, ബീഹാർ 655 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സർക്കാർ അനുവദിച്ച് കൊടുത്തിരിക്കുന്ന പ്രളയ വിഹിതം.
ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ അനുവദിച്ചത്. കേരളം ഉള്‍പ്പെടെയുള്ള മറ്റു ഒമ്പത് സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തിയെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം തുക അനുവദിക്കുമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നത്. വയനാട് ദുരന്തത്തിൽ കേരളം വിശദമായ മെമ്മോറാണ്ടം നല്‍കിയിട്ടുണ്ടെങ്കിലും അതിനെപ്പറ്റി ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘവും കേരളത്തിലെത്തിയിരുന്നു. കേന്ദ്ര സംഘത്തിന്റെ ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേരളത്തിന് കേന്ദ്ര സഹായം പ്രഖ്യാപിക്കുക. വയനാട് ദുരന്തം ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം വൈകുന്നതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതം അനുവദിക്കുന്നത്. നിലവിൽ 14 സംസ്ഥാനങ്ങള്‍ക്കായി 5858.60 കോടി രൂപയാണ് ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ളത്.