പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാനെന്തു പറ്റിയെന്നറിയാൻ കുടുംബത്തിനു കാത്തിരിക്കേണ്ടി വന്നത് 56 വർഷം. ഒടുവിൽ കണ്ടെത്തി തോമസ് ചെറിയാൻ ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ചു. തോമസ് ചെറിയാൻ ഉൾപ്പെടെ 4 പേരുടെ മൃതദേഹങ്ങളാണ് രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തിരച്ചിൽ ദൗത്യത്തിലൂടെ കണ്ടെടുത്തത്. ഒരാളുടെ മൃതദേഹം തിരിച്ചറിയാനുണ്ട്. ഇവരുടെ മൃതദേഹം കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ നിന്നാണ് കണ്ടെടുത്തത്. അപകടത്തിൽ പെടുമ്പോൾ തോമസ് ചെറിയാനു 22 വയസായിരുന്നു.
102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ–12 വിമാനം 1968 ഫെബ്രുവരി ഏഴിനാണു കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതു വരെ കണ്ടെടുത്തിട്ടുള്ളു. തോമസ് ചെറിയാൻ, മൽഖാൻ സിങ്, ശിപായി നാരായൺ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെടുത്തത്. ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പരേതനായ ഒ.എം.തോമസ് – ഏലിയാമ്മ ദമ്പതികളുടെ 5 മക്കളിൽ രണ്ടാമനായിരുന്നു തോമസ് ചെറിയാൻ
മൽഖാൻ സിങ്ങിന്റെയും നാരായൺ സിങ്ങിന്റെയും വസ്ത്രങ്ങളിൽനിന്ന് ലഭിച്ച രേഖകളാണ് ഇവരുടെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. തോമസ് ചെറിയാന്റെ ശരീരത്തിൽ നിന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ വിവരങ്ങളും ലഭിച്ചു. മഞ്ഞുമലയിൽ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടം കിട്ടിയ വിവരം ഇന്നലെ ആറന്മുള പൊലീസാണ് വീട്ടിലെത്തി സഹോദരൻ തോമസ് തോമസിനെ അറിയിച്ചത്.
‘‘ തിരികെ വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അപകടം സ്ഥിരീകരിച്ചതോടെ പ്രതീക്ഷ ഇല്ലാതായതായും ഇളയ സഹോദരൻ പ്രതികരിച്ചു.
‘‘ സഹോദരൻ പട്ടാളത്തിൽ ചേരുമ്പോൾ എനിക്ക് 8 വയസ് മൂന്നു പ്രാവശ്യം നാട്ടിൽ വന്നുപോയി. ആദ്യം വിമാനം കാണാതായെന്നാണ് അറിയിപ്പ് വന്നത്. 2003ലാണ് വിമാനാപകടം സ്ഥിരീകരിച്ചതെന്നും ഇളയ സഹോദരൻ പറഞ്ഞു.