കടലുണ്ടി: കടലുണ്ടി കോട്ടക്കടവിലെ ടിഎംഎച്ച് ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ പഠനം പൂർത്തിയാകാത്ത അറസ്റ്റിൽ. കടലുണ്ടി പൂച്ചേരിക്കുന്ന് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പച്ചാട്ട് ഹൗസിൽ വിനോദ് കുമാറിന്റെ (60) മരണം ചികിത്സപ്പിഴവെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആർഎംഒ ആയിരുന്ന പത്തനംതിട്ട ചാത്തനേരി വലിയപറമ്പിൽ വീട്ടിൽ അബു എബ്രഹാം ലൂക്കിനെ (30) തിങ്കളാഴ്ച രാത്രി ഫറോക്ക് പോലീസ് അറസ്റ്റ്ചെയ്തതു
അന്വേഷണത്തിൽ ഇയാൾ എംബിബിഎസ് പൂർത്തിയാക്കാതെയാണ് പ്രതി ചികിത്സ നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വഞ്ചന, ആൾമാറാട്ടം, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷനേഴ്സ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് അസി. കമ്മിഷണർ എ.എം. സിദ്ദീഖ് പറഞ്ഞു.
കഴിഞ്ഞ 23-ന് പുലർച്ചെ 4.30-ഓടെയാണ് വിനോദ് കുമാറിനെ നെഞ്ചുവേദനയുമായി കടലുണ്ടി കോട്ടക്കടവിലെ ടി.എം.എച്ച്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയുമായി വന്ന വ്യക്തിയെ പ്രാഥമിക പരിശോധന പോലും നടത്താതെ രക്തപരിശോധനയാണ് നടത്തിയതെന്നും തുടർന്ന് അരമണിക്കൂറിനകം രോഗി മരിച്ചെന്നുമാണ് കുടുംബം പറയുന്നത്. 27-ന് വിനോദ് കുമാറിന്റെ സഹോദരന്റെ ചികിത്സയ്ക്കായി വിനോദ് കുമാറിന്റെ മകനും ഡോക്ടറുമായ അശ്വിനും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിൽ അബു എബ്രഹാമിന് എംബിബിഎസ് ബിരുദമില്ലെന്ന് മനസിലാക്കി പോലീസിൽ പരാതി നൽകുകയായിരുന്നു. അഞ്ചുവർഷമായി അബു എബ്രഹാം ഇവിടെ ആർഎംഒ ആയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
കടലുണ്ടി കോട്ടക്കടവിലെ ടി.എം.എച്ച്. ആശുപത്രിയിൽ ആഴ്ചയിൽ രണ്ടുദിവസം അബു എബ്രഹാം ആർഎംഒ ആയി ജോലിചെയ്തിരുന്നുവെന്ന് ആശുപത്രി മാനേജർ പി. മനോജ് പറഞ്ഞു. ഇപ്പോൾ ജോലിയിൽനിന്ന് നീക്കിയതായും അദ്ദേഹം പറഞ്ഞു. ഇയാൾ 2011-ൽ എംബിബിഎസ് പഠനത്തിന് ചേർന്നതായ വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. ജോലിക്ക് പ്രവേശിക്കുമ്പോൾ ഡോക്ടറായി എൻറോൾ ചെയ്ത രജിസ്റ്റർ നമ്പർ ആശുപത്രിക്ക് നൽകിയിരുന്നതായി മാനേജർ പറഞ്ഞു. ഈ നൽകിത രജിസ്റ്റർ നമ്പർ വ്യാജമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.