ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് രണ്ടാഴ്ചത്തേക്കു തടഞ്ഞാണ് സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്. ലൈംഗിക പീഡന പരാതിയില്‍ തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റുപറ്റിയെന്നാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിനുമുന്‍പാകെ സിദ്ദിഖ് ഉന്നയിച്ചുവെന്നാണ് അറിയുന്നത്.
കൂടാതെ നടി പരാതിയുമായി രംഗത്തെത്താൻ എട്ടുവർഷത്തെ കാലതാമസമെടുത്തു. മാത്രമല്ല, നടി നിരന്തരം തന്റെ കക്ഷിയെ ഫേസ് ബുക്കിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിരുന്നതായും സിദ്ധിഖിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു.
പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ജാമ്യം നല്കാതിരിക്കാന് കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമ പ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു നടന് സിദ്ദിഖിന്റെ ഹര്‍ജി.
തങ്ങളുടെ ഭാഗംകൂടി കേള്‍ക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് തടസ ഹർജി നല്കിയ സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയും പരാതിക്കാരിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ആവശ്യപ്പെട്ടു. പരാതി നൽകാൻ ഇത്രയും കാലതാമസമുണ്ടായതെന്താണെന്നു കോടതി സർക്കാരിനോട് ആരാഞ്ഞു.
തന്റെ കക്ഷി 300ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും ഇതുവരെ ഇത്തരത്തിലൊരു കേസ് തന്റെ കക്ഷിക്കെതിരെ എവിടെയും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നും മുകുള്‍ റോത്തഗി പറഞ്ഞു. 29 കേസുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് മൊത്തത്തിലുള്ള കണക്കാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർ വാദം രണ്ടാഴ്ചയ്ക്ക് ശേഷം കേൾക്കുമെന്നും കോടതി അറിയിച്ചു.